2013, ജൂലൈ 28, ഞായറാഴ്‌ച

പ്രിയപ്പെട്ട വാക്കുകള്‍ കൊല്ലപ്പെട്ട നാളുകള്‍

വാക്കുകള്‍ക്കുള്ളില്‍ കിടന്ന്
ശ്വസം മുട്ടുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
വരികളില്‍ നിന്ന്
അങ്ങോട്ടുമിങ്ങോട്ടും
ഇളകനാവാത്ത വാക്കുകള്‍
ഒരു വരി മുറിച്ചുകടക്കാന്‍
വെറുതെയൊന്ന് ശ്രമിച്ചാല്‍ പോലും
ചിലപ്പോള്‍ പൊള്ളും
അല്ലെങ്കില്‍ മരവിച്ച് പോകും
കണ്ണില്‍ കിടന്ന്
തിളങ്ങാന്‍ മാത്രം അനുവദിക്കപ്പെട്ട
ബാഷ്പബിന്ദുക്കള്‍
പണ്ടേ അങ്ങ്നെയായിരുന്നു. സങ്കടങ്ങളുണ്ടായാല്‍ ഒരു പേപ്പറില്‍ വെട്ടിയും തിരുത്തിയും അന്ന് എറ്റവും മനോഹരമെന്ന് എനിക്കു തോന്നുന്ന വക്കുകളില്‍ എഴുതിവയ്ക്കും. ഓരോ സങ്കടങ്ങള്‍ ഓരോ പേപ്പറില്‍ . എന്നിട്ടത് ഒളിപ്പിച്ച് വയ്ക്കും. അച്ഛനും അമ്മയും ബിജുവും ബിജീഷും കാണാതെ. എന്നിട്ട് ആരുമില്ലാത്ത ഒരു ദിവസം മണ്ണെണ്ണ വിളക്ക് തെളിച്ച് വച്ചിട്ട് ഓരോന്നോരോന്നായി കത്തിച്ചു കളയും. ചിലപ്പൊള്‍ കൂട്ടത്തില്‍ ചില പ്രിയപ്പെട്ട വരികളെ കത്തിച്ച് കളയാന്‍ തോന്നില്ല. അപ്പോള്‍ അത് വേറെ ഒരു പേപ്പറില്‍ എഴുതി വയ്ക്കും. കുറെ ദിവസം കഴിഞ്ഞാല്‍ അതും കത്തിച്ചു കളയും. പ്രിയപ്പെട്ട വാക്കുകള്‍ കൊല്ലപ്പെടുന്ന ആ ദിവസങ്ങള്‍ ഓമ്മയില്‍ കത്തി നില്‍ക്കും. അതോര്‍ത്ത് ദിവസങ്ങളോളം ആരോടും പറയാതെ വേദനിച്ച് കൊണ്ടിരിക്കും.
ആ വാക്കുകള്‍ക്കിടയില്‍
നിരാശയും
നഷ്ടബോധവും
ഇഷ്ടവും
രോഷവും
ആശയസംഘട്ടനങ്ങളും
ഭീരുത്വവും
പ്രതിഷേധവും
അഭിമാനവും
അമര്‍ഷവും
എല്ലാം എല്ലാം ഉണ്ടായിരുന്നു..
അതൊക്കെ പ്രകടിപ്പിക്കാന്‍ അന്നുപയോഗിച്ച ഭാഷയേതെന്നു മാത്രം എനിക്കറിയില്ല.
ആദ്യം എഴുതിയതൊക്കെ കുഞ്ഞുസങ്കടങ്ങളെക്കുറിച്ച് തന്നെയായിരുന്നു
അമ്മ ചെറുതായൊന്ന് ചീത്ത പറഞ്ഞാല്‍
ഇഷ്ടപ്പെട്ട ആരെങ്കിലും എന്നോടൊന്ന് മിണ്ടാതെ പോയാല്‍
ഒരു പെരുമഴ പെയ്താല്‍
വെയിലിത്തിരി മൂത്തുപോയാല്‍
രണ്ട് ചെംബരത്തി വിടരുമെന്ന് പ്രതീക്ഷിച്ച് ഒന്നുമാത്രം വിടര്‍ന്നാല്‍
അയ്യോ, എന്തൊക്കെയായിരുന്നു കവിതയ്ക്കുള്ള പ്രമേയങ്ങള്‍ ...
എട്ടാം ക്ലാസിലെത്തുമ്പോഴേയ്ക്കും പ്രകൃതിയിലെ ചില നിശ്ശബ്ദതകളെക്കുറിച്ച്
അസാന്നിധ്യങ്ങളെക്കുറിച്ച് ആയിരുന്നു. ഒരിക്കലും വെളിച്ചം കാണാത്ത എഴുത്തുകളായിരുന്നു അവയൊക്കെ.
അടുപ്പിലെ കനലിലോ, അല്ലെങ്കില്‍ വീടിനു പിറകിലെ തോട്ടിലോ, അതുമല്ലെങ്കില്‍ മണ്ണെണ്ണ വിളക്കിലോ ജീവിതം ഒടുക്കിയവ.
കോളെജില്‍ പഠിക്കുമ്പോള്‍ എഴുതിയവക്ക് ചുവപ്പു നിറമായിരുന്നു... എന്റെ സഹപാഠിയായ പ്രിയസുഹൃത്തിന് വേണ്ടി മാത്രം എഴുതിയവ. നല്ല സമൂഹം സ്വപന്ം കണ്ടിരുന്ന അവനെ ആവേശം കൊള്ളിക്കാന്‍ വേണ്ടി മാത്രം എഴുതിയവ.. നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നിറഞ്ഞ എഴുത്തുകള്‍ ...
പിന്നീടുള്ള എഴുത്തുകളെല്ലാം എന്റെ ഡയറിയില്‍ മാത്രമായിരുന്നു...എല്ലാത്തിനും വിഷാദച്ചുവയുള്ള എഴുത്തുകള്‍ .. അതിപ്പൊഴും എന്റെ കൂടെയുണ്ട്. ഒരു ഇരുമ്പു പെട്ടിയില്‍ അമ്മ അടക്കിയൊതുക്കി പൂട്ടി വച്ചത്, എന്റെ പ്രിയപ്പെട്ട ചില പുസ്തകങ്ങള്‍ക്കൊപ്പം. പിന്നീട് വര്‍ഷങ്ങള്‍ നീണ്ടൊരു കാലം വെറും ശൂന്യമായിരുന്നു ഞാന്‍ ... വാക്കുകള്‍ക്കു പോലും എന്നെ മനസ്സിലാവാതെ പോയ കാലം. ശൂന്യതയ്ക്കു മാത്രം ഒപ്പിയെടുക്കനായ ജീവിതം. എന്നിലേയ്ക്ക് മാത്രം ചുരുങ്ങിപ്പോയ ഞാന്‍ . ചെറുതായി ചെറുതായി ഉള്ളിലുള്ളതിനെ പങ്കുവെക്കാതെ സ്വാര്‍ഥതയില്‍ എറ്റവും ഏകാകിനിയായി...!

(ഒരൊറ്റ സ്നാപ്പില്‍ ഒതുക്കാവുന്നത്...)



കഴുകി ഉണക്കാനിട്ടിരിക്കുന്നു
നിന്റെ തീരത്ത് എന്റെ കണ്ണുകള്‍

അതുകൊണ്ട്
എനിക്കിന്നൊരു
ക്യാമറക്കണ്ണാവണം

ഒറ്റ ക്ലിക്കില്‍ ഒപ്പിയെടുക്കണം
ഈ മുഷിഞ്ഞ കാലത്തിനെ

അഴിമുഖത്തേക്ക്
കിതച്ചോടുന്ന
നിന്റെ തിരക്കൈകളില്‍
തന്നേല്‍പ്പിക്കാം
എന്നോടൊപ്പം
ആ ഒരൊറ്റ സ്നാപ്

ഒരു മഴ
അല്ലെങ്കില്‍
കടല്‍
കാത്തിരിപ്പുണ്ടാവും
കുതിര്‍ത്തുകളയാന്‍ ...!

നിഴല്‍മരങ്ങളില്‍

പ്രണയതാളത്തില്‍ മിടിക്കുന്ന
ഘടികാരത്തിന് കീഴെ
വെളിച്ചത്തിന്‍ മാറില്‍ കിടന്ന്
ഓര്‍മ്മകള്‍ക്ക് ചെവിയോര്‍ക്കുന്ന
ഇരുട്ട്

കുടഞ്ഞെറിഞ്ഞാലും
പോകാത്തൊരഗ്നിവളയമായ്
ആവി പറക്കുന്ന നട്ടുച്ച
വീണ്ടും വീണ്ടും
പുറത്ത് കാലൊച്ച കേള്‍പ്പിക്കുന്നു

സായഹ്ന സവാരിക്കിറങ്ങുന്ന
നിഴല്‍മരങ്ങളില്‍
ഒരവധിക്കാലം
വാവലായ് തൂങ്ങിനില്‍ക്കുന്നു

ഇതിനിടയില്‍
ചില ശിതീകരിക്കപ്പെട്ട
പ്രഭാതങ്ങളെപ്പറ്റി മാത്രം
അത്
അത്ര വ്യാജമായത് കൊണ്ട് മാത്രം
ഞാനൊന്നും പറയുന്നില്ല...! 

അളക്കാനാവാത്ത നീളത്തില്‍

പല നേരങ്ങളില്‍ നുറുങ്ങിയമരുന്ന സന്ദേഹങ്ങള്‍
എത്ര ചുരുളഴിച്ചാലും
അളക്കാനാവാത്ത നീളത്തില്‍
മടങ്ങി ഒതുങ്ങിയങ്ങനെ
ഈ തലയോട്ടിയ്ക്കുള്ളീല്‍
പതിഞ്ഞിരിക്കുന്നത്
എന്തിലേയ്ക്കുള്ള എടുത്തുചാട്ടത്തിനാവും...!

തൂങ്ങിയാടുന്ന കരിയിലകള്‍

ഒരേ ഓര്‍മ്മകളിലൂടെയുള്ള

ചില യാത്രകള്‍

ഒരൊളിവുകാലത്തെ

സജീവമാക്കുന്നു

നഷ്ടപ്പെട്ടുപോകുന്ന ഒരോ ഓര്‍മ്മയും

ഒരു പൂക്കാലത്തെ അപൂര്‍ണ്ണവുമാക്കുന്നു

അപ്പൊഴും

ശിശിരകാലത്തെ പിടിച്ചു തന്നെ

നിര്‍ത്തുന്നു

കൊമ്പുകളില്‍ ഇപ്പൊഴും തൂങ്ങിയാടുന്ന

കരിയിലകള്‍ ...!

കാക്കപ്പുള്ളികള്‍

ഒരു കടല്‍
കണ്ണിനെ ചൂഴ്ന്നു നില്‍ക്കുമ്പോഴും
പാളി നോക്കുന്നു ഞാന്‍
നിറയെ
കാക്കപ്പുള്ളികള്‍ തുന്നിയൊരാകാശം
എവിടെയോ
പിറവികൊള്ളുന്നുവോ...!

വിഭജിച്ചുപോയത്

ഉപ്പ്
മുളക്
മഞ്ഞള്‍
എന്ന ക്രമത്തില്‍
ചുറ്റിത്തിരിയുന്നു
ചീനച്ചട്ടിയില്‍ അടുക്കള

അമ്മിക്കല്ലില്‍
അരഞ്ഞു ചേരുന്നൊരമ്മ

കല്ലിനൊപ്പം
വീടായ്
കെട്ടിപ്പൊങ്ങിയൊരച്ഛന്‍
സിരകളില്‍
ആവേശമായ്

പിന്നാമ്പുറത്ത്
വാഴക്കയ്യില്‍ ഇരിക്കുന്നു വിരുന്നുകാര്‍
പടികടന്നു വരുന്ന
പൊതിച്ചോറും കാത്ത്

കാക്കയുടെ കൊക്കില്‍
പല്ല് പിടിപ്പിക്കുന്നു
ഫോട്ടോഷോപ്പില്‍ കുഞ്ഞുങ്ങള്‍

ഞാനും നീയുമായി
വിഭജിച്ചു പോയിരിക്കുന്നു
നമ്മള്‍

ഇങ്ങനെ
നിഷ്കരുണം പിരിച്ചു വിടുന്നു
തന്റെ ഓരോ പടവുകളേയും
ഒരു കുളം

നിറയുന്തോറും
ആഴ്ന്നാഴ്ന്ന് പോകുന്നു
ആ പൂപ്പല്‍ കുളത്തിലേയ്ക്ക്
ഓര്‍മ്മകള്‍ ...!

വെയില്‍ത്തുണ്ടുകള്‍

ഉള്ളറകളില്‍
നീ ഒളിപ്പിച്ചുവച്ചത്
എന്നെക്കുറിച്ചുള്ള ആധിയും കരുതലും

ആയിരം നാക്കുള്ള
നിന്റെ മൌനങ്ങളെ ചുംബിച്ചെടുക്കാന്‍
എന്റെ പേനയും
നോവും
പണിയായുധങ്ങളും
തികയാതെയാവുമോ?

കാലമാണ്
അതിതീവ്രമാം വിപത്തിന്റെ
നോവലാണ്

കാഴ്ചയാണ്
കണ്ണ് ചെന്നെത്താത്ത
തേങ്ങലാണ്

തൊട്ടുതൊട്ടറിയലാണ്
പൊള്ളുന്ന വിരലുകള്‍
പൊട്ടിച്ചെടുക്കുന്ന
വെയില്‍തുണ്ടുകള്‍
നീയാം അക്ഷരങ്ങള്‍

ഉറങ്ങിക്കിടക്കുന്ന മീന്‍കുഞ്ഞുങ്ങള്‍

കോര്‍ണീഷിലെ
കല്പടവുകളില്‍
ഉറങ്ങിക്കിടക്കുന്ന
മീന്‍ കുഞ്ഞുങ്ങള്‍ക്ക്
വില പറയുന്നു
ചില തിരയിളക്കങ്ങള്‍

മുന്നില്‍
കെട്ടിയിട്ട തോണിയില്‍
കൂനിക്കൂടിയിരിക്കുന്നുണ്ട്
ഒരു മുക്കുവന്‍
ഊളിയിട്ടുപോകുന്ന മീനുകളുടെ
തൊണ്ടയില്‍ തന്നെ
ചൂണ്ട കോര്‍ത്തെടുക്കാന്‍

പുല്‍ത്തകിടിയില്‍
ഒരു കുഞ്ഞുവിമാനം
‘മീമി മീമി’ എന്ന് പേര് പറഞ്ഞ്
വിടര്‍ന്ന കണ്ണുകള്‍ കൊണ്ട്
മാനം നോക്കി നിക്കുന്നുണ്ടായിരുന്നു

വ്രണങ്ങള്‍

ഈ മഞ്ഞിന്‍പുതപ്പ്
വീണ്ടും വീണ്ടും
എങ്ങോട്ടാണീ പറിഞ്ഞുപോകുന്നത്...

കാടിളക്കി
തായ്‌വേരറുത്ത്
ഇലകള്‍ പൊഴിച്ച്
ചോര നാക്കുകള്‍ നീട്ടുന്ന
ഈ കാലത്ത്

എന്റെ ഉള്ള്
എന്റെ ഉള്ള്
എന്ന് കലഹിക്കുന്ന മുറിവേ
നീയിനി ശബ്ദിക്കരുത്!

കാരണം
നിലവിളിക്കുന്ന വ്രണങ്ങള്‍
പിന്‍ വിളി വിളിക്കാതെ
പ്രാര്‍ത്ഥിക്കാതെ
പതിയെ കടന്നു പോകുന്നുണ്ട്
ജയിലറകളിലേക്കും
തുക്കുമരങ്ങളിലേയ്ക്കും...

ഞാന്‍ തന്നെയല്ലെ...

ചില മണിമുഴക്കങ്ങള്‍
അങ്ങനെയാണ്...
ഒരു സെല്‍ഫ് ഗോളില്‍
വിജയം ആഘോഷിക്കുന്നവന്റെ
ഏകാന്തതയില്‍
ആരവങ്ങളിങ്ങനെ
മുഴങ്ങിക്കൊണ്ടേയിരിക്കും
ഗാലറി മുഴുവന്‍
ഉറക്കത്തില്‍ ആണ്ടുകിടന്നെങ്കില്‍ എന്ന്
അവന്‍ അലറി വിളിക്കുന്നു
മണിക്കൂറുകളോളം ഉള്ളില്‍ കുരുങ്ങിപ്പോയ
ഒരു നിലവിളി
പിന്നെ മോചനം
എസ്കോബാര്‍ ,
ഞാന്‍ തന്നെയല്ലെ, ആ നീ?

ചോദ്യങ്ങള്‍

നിശ്ശബ്ദതയുടെ തായ്‌വേര്
കണ്ടിട്ടുണ്ടോ നിങ്ങള്‍ ...!

ചില ചോദ്യങ്ങളിലേക്ക്
ആഴ്ന്ന് നോക്കിയാല്‍ കാണാം

ഉത്തരത്തിലെ അശാന്തി
പല ചോദ്യങ്ങളേയും
സംശയത്തിന്റെ നൂല്പാലത്തില്‍
നിര്‍ത്തിക്കളയും

എന്തു കൌശലക്കാരാണല്ലെ
ചില ചോദ്യങ്ങള്‍ ...!

പ്രതിപക്ഷത്തും
വാദിപക്ഷത്തും
പെണ്‍പക്ഷത്തും
ആണ്‍പക്ഷത്തും
എത്ര പേര്‍ അവയെ
തുറിച്ചു നോക്കുന്നുണ്ടാവും

എങ്കിലും
പതുങ്ങി പതുങ്ങി
ഒരു പൂച്ചയെപ്പോലെ
കണ്ണുകള്‍ പൂട്ടി നടന്നു പോയ്ക്കളയും!

വീണ്ടും വഴിയില്‍
ഒരെലിയൊ
മീന്‍ കഷണമോ
കാത്തിരിപ്പുണ്ടാവും-
അത്ര തന്നെ!

(പിന്‍ വാങ്ങി
പിന്‍ വാങ്ങി
അത്
നമ്മുടെ
അടുപ്പിന്‍ ചൂടില്‍ത്തന്നെയാവും
പതുങ്ങിയിരിക്കുന്നത്)

കണ്ണുപൂട്ടിത്തുറന്ന്
പുലിയായ് പുനര്‍ജനിക്കുമെന്നത്
വ്യാമോഹം മാത്രമായേക്കാം

കാത്തിരുന്നോളൂ.

ചോദ്യം ചെയ്ത്
ചോദ്യം ചെയ്ത്
സ്ഫുടം ചെയ്തെടുത്ത
പല ചോദ്യങ്ങളും
സമീപകാല ചരിത്രത്തില്‍ നിന്ന്
അപ്രത്യക്ഷമാവുന്നത്
ഒരു പതിവുകാഴ്ചയാണ്...!

അടര്‍ന്ന് പോവുന്നത്

പൊട്ടിത്തെറിക്കാന്‍
ഒരു നിമിഷാര്‍ദ്ധം മതി

തിരികെ മുറിഞ്ഞു ചേരുന്നത്
ആരിലേക്കായിരിക്കും!

നിന്നിലേക്കില്ലെന്ന
കൂര്‍പ്പിച്ച നോട്ടം കണ്ടാലറിയാം

ചില സാധ്യതകളിലൂടെ
തുറന്നെടുക്കാവുന്നത്
അടര്‍ന്നു പോവുകയാണെന്ന്!

പ്രണയം

മുറുകെ പുണരുന്ന
രണ്ട് ഉടലുകള്‍ക്കിടയിലെ
കുടഞ്ഞെറിയാനാകാത്ത അകലം-
പ്രണയം.
സിരകളില്‍
കുറിഞ്ഞിപ്പൂക്കള്‍ വിടര്‍ത്തുന്ന
തൊട്ടാല്‍
തണുക്കുന്നൊരു വിരല്‍ത്തുമ്പ്-
നനയിക്കല്ലെ നനയിക്കല്ലെ എന്ന്
തിരക്കൈകളോട്
തീരത്തിന്റെ ചുണ്ടുകള്‍ -
അഴല്‍ച്ചുഴികളില്‍ നിന്ന്
ഓടിയെത്തി
തളര്‍ന്നുവീഴാനൊരിടം.