2013, ജൂലൈ 30, ചൊവ്വാഴ്ച

(ആ യാത്രയെക്കുറിച്ച് ഞാന്‍ പിന്നീട് പറയാം...!)




ഈ നട്ടുച്ചയെ    
എങ്ങനെ 
നേരിടണമെന്നത് 

നിന്നില്‍ നിന്ന് വരുന്ന 
പ്രഭാതത്തിന്റെയോ 
നിന്നിലേക്കോടി മറയുന്ന 
സായാഹ്നത്തിന്റെയോ  
പണിയേ അല്ലെന്ന് തോന്നും 

ഇക്കാലത്ത് 
ഈ ദേശത്ത്  
അവരുടെ നില്‍പ്പും ഭാവവും 
കണ്ടാല്‍ !

സങ്കടങ്ങളെ 
സുഖമുള്ള ഓര്‍മ്മകള്‍ കൊണ്ട് 
നേരിടേണ്ടതെങ്ങനെയെന്ന് 
ഞാന്‍ തന്നെ പറയാം നിന്നോട്...

കണ്ടില്ലെന്നും 
കേട്ടില്ലെന്നും 
നടിച്ചാല്‍ 
തീരാവുന്ന പ്രശ്നമേയുള്ളൂ 
എന്ന ലളിത സമവാക്യത്തില്‍ 
തളച്ചിടാനാവാത്ത ജീവിതം 
ഒരു യാത്ര പോകുന്നു

തെക്കോട്ടെന്ന് മനസ്സും 
വടക്കോട്ടെന്ന് ശരീരവും 
വടം വലിക്കുന്നൊരു യാത്ര.

മണിക്കൂറുകള്‍ 
വൈകിയോടുന്ന 
ഈ മരുഭൂമിക്കാലത്തെ 
മറികടക്കാന്‍ 
ഇനി എത്ര യാത്രകള്‍!

ജനാല


കത്തുന്ന വെയിലിന്  
ചില്ലുകൊണ്ട്
പ്രതിരോധം തീര്‍ക്കുന്ന  
ഒരു ജനാല 
എപ്പൊഴും
എനിക്കൊപ്പമുണ്ട്

ചിലപ്പോള്‍,
 ചിലപ്പോള്‍ മാത്രം 
 പ്രണയത്തിന്റെ 
ഒരാള്‍ രൂപവും 
 ഈ ജനലയ്ക്കപ്പുറത്തുനിന്ന് 
 വെയില്‍കയറി 
വരുന്നത് കാണാം!

പ്രതീക്ഷ

  വെയിലില്‍ നടന്ന്
വിവശനായൊരാകാശം
നടുവൊടിഞ്ഞ്
തല കുനിച്ച് നില്‍ക്കുന്നു,
അഭയമെങ്ങെന്ന്
തിരയുന്നു
പറന്ന് പറന്ന്
ഉടല്‍ തളര്‍ന്ന്
കുഴഞ്ഞ് വീണാലും
വേരുകള്‍ തേടി
ഞരമ്പിലൂടെ നീന്തിയെത്തുന്ന
നിലവിളികള്‍ താണ്ടി
തിരകള്‍ വിഴുങ്ങാനോങ്ങുന്ന
മേഘങ്ങള്‍ കടന്ന്
വരാതിരിക്കില്ല നീ
വേവുന്നുണ്ടൊരില
ഉടല്‍മണം ചേര്‍ത്ത്
നിന്‍ വിശപ്പിന്
രുചിയേറ്റാന്‍ !