2009, നവംബർ 27, വെള്ളിയാഴ്‌ച

കണ്ണടയ്ക്കാനാവാതെ....

ഇന്നലത്തെ മഴയില്‍
ഉമ്മറത്തേയ്ക്ക് കയറിവന്ന
ഒരു മത്സ്യത്തിന് എന്തോ പറയാനുണ്ട്.
മീന്‍ പിടിക്കാന്‍ വന്ന മുക്കുവന്ടെ കധയാണോ?
ഏയ്, അല്ല.
ഒരു പൊന്മാനിന്റെ കൊക്കില്‍ നിന്നും
ഭാഗ്യത്തിന് വീണു കിട്ടിയ
ജീവിതത്തെപ്പറ്റിയാണോ?
അയ്യോ, അതെന്നെ ഒര്‍മ്മിപ്പിക്കരുത്,
അതിനെപ്പറ്റിയല്ല.
നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല, ഞാന്‍ പറയാം.
പണ്ടു പണ്ടൊരു
മരംവെട്ടിയെയും ദേവതയെയും ഓര്‍ക്കുന്നുവൊ?
ആ മരംവെട്ടി, ചതിയന്‍....
ദേവതയെ പറ്റിക്കുകയായിരുന്നു!
അതെങ്ങനെ?!
അവന്‍ മഴു പുഴയിലേക്ക് വലിച്ചെറിഞ്ഞ്
മുതലക്കണ്ണീര്‍ പൊഴിച്ചിരിക്കുന്നത്...
ഇടംകണ്ണിട്ട് ദേവത വരുന്നുണ്ടോ എന്ന്
നോക്കിയിരിക്കുന്നത്...
വെള്ളത്തിനടിയിലിരുന്ന്
ഞാന്‍ കണ്ടതാ....!
ഓ, എന്റെ മീനേ,
ആരും സത്യം പറയാത്ത ഇക്കാലത്ത്
ഇതിനാണോ നീ
ഈ മഴ നനഞ്ഞു കയറിവന്നത്!
കര നിനക്കുള്ളതല്ല.
നീ നിന്റെ പുഴയിലേക്ക് തന്നെ
തിരിച്ചുപോവുക.
എനിക്ക് വയ്യ...
കണ്ണടയ്ക്കാനാവാതെ
ഇനിയും...
എന്തൊക്കെ ഞാന്‍ കണ്ടുകൊണ്ടിരിക്കണം...
‍എത്ര കാലം...!