2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

കര്‍ക്കിടകം

 കാഴ്ചയ്ക്കും അപ്പുറം
മൂടിക്കെട്ടി നില്‍ക്കുന്നു
കേള്‍വിക്ക്
താങ്ങാനാവാത്ത ശബ്ദത്തില്‍
കനത്ത് പെയ്യാന്‍ പാകത്തില്‍
ഒരാകാശം!


 എത്ര പിഴിഞ്ഞ്
കുടഞ്ഞിട്ടിട്ടും
നനഞ്ഞ് തന്നെയിരിക്കുന്നു
കര്‍ക്കിടകത്തില്‍
അഴയിലിട്ട തുണിപോലെ
മണ്ണും 

എന്റെ കണ്ണും
എന്ന് അമ്മ


പൊട്ടിപ്പൊട്ടിയൊഴുകുവാന്‍ കാത്തിരിക്കുന്നു
നീര്‍ക്കെട്ടുകള്‍
പാടങ്ങള്‍
കുന്നുകള്‍

മഴക്കാലമേ
ജീവിനോടെ ഒഴുക്കിക്കളയുന്ന
സ്മൃതികുംഭങ്ങളെ
നിഴല്‍ പതിയാതെ
നിലം തൊടാതെ
എന്നു വിളിച്ചിരുത്തും
ഒരുക്കിയ വിഭവങ്ങളൂട്ടാന്‍ !