2013, ജൂലൈ 29, തിങ്കളാഴ്‌ച

(ഒറ്റ വരിയിലൊരു വാര്‍ത്ത)



ന്യുസ് ഡെസ്കിന്റെ
കാലുകള്‍ക്കിടയിലൂടെ
പുറത്ത് ചാടുന്ന ചില വാര്‍ത്തകളെ
തടഞ്ഞ് നിര്‍ത്തി
ചോദ്യം ചെയ്താല്‍ മാത്രം മതി
ചുണ്ടില്‍ ചായം തേയ്പ്പിച്ച്
കണ്ണില്‍ കരിമഷി പടര്‍ത്തി
വെളുത്ത ശബ്ദത്തില്‍
കറുത്ത തുണികൊണ്ട്
മുഖം മറച്ച ക്യാമറയിലേക്ക്
അനായാസം നടന്നു കയറുന്ന
അറിയിപ്പുകള്‍ യഥാര്‍ത്ഥത്തില്‍
എന്താണെന്നറിയാന്‍ !

തടവറകള്‍

സ്വപ്നങ്ങള്‍
അതിരുകടക്കുമ്പോഴാണ്
തടവറകള്‍
മൂരിനിവര്‍ന്നെഴുന്നേല്‍ക്കുക

വിഷാദത്തിലേക്ക്
വലിച്ചെറിയപ്പെടുന്ന
സ്വാതന്ത്ര്യദാഹത്തെക്കുറിച്ചുള്ള
സ്വപ്നങ്ങളാണ് അവയെ
കൂടുതല്‍ ഭയപ്പെടുത്തുക

അപ്പോള്‍ ,
നിയമപ്പൂട്ടുകള്‍ തുറന്നു വരും
കൈയ്യാമം വച്ച്
വഴിയേ നടത്താന്‍

റുബായിഷ്,
ഇന്ന് നിന്നെയവ
എല്ലാ തെളിവുകളോടും കൂടി
പുസ്തകത്തില്‍ നിന്ന് പോലും
മോചിപ്പിച്ചിരിക്കുന്നു!

നിനക്കിനി
പാഠ്യപദ്ധതിക്കുള്ളില്‍
ഞെരിഞ്ഞമരേണ്ടതില്ല

ഒരദ്ധ്യാപകന്റെ വായിലും
അറച്ചു നില്‍ക്കേണ്ടതില്ല

കൂറ്റന്‍ ഗെയിറ്റുകള്‍ താഴിട്ട
പാപ്പിറസ് തടവില്‍
കുഞ്ഞുങ്ങളിപ്പോഴും
അടഞ്ഞിരിക്കുന്നു

അവരെ
സ്വപ്നങ്ങളില്‍ നിന്ന്
പറിച്ചെടുക്കലാണ്
തടവറകളുടെ
അവസാന സ്വപ്നം!

മരണമേയല്ല ഇതിവൃത്തം

ജീവിതത്തില്‍ നിന്ന്
ഏത് നിമിഷവും
ഒരു ചിത്രത്തിലേക്ക്
അടര്‍ന്നു വീഴാവുന്നതിന്റെ
ചില സാധ്യതകള്‍ അന്വേഷിക്കുന്നു
ഒരില!!!!

മൌനവൃക്ഷം

ഒറ്റ രാത്രികൊണ്ട്
വളര്‍ന്നു പോയൊരു മൌനവൃക്ഷം
വേരുകള്‍ വരണ്ട്
പകച്ച് നില്‍ക്കുന്നു
പുലര്‍വെളിച്ചത്തില്‍
ഇലയനക്കങ്ങളില്ലാതെ..!

ചില യാദൃശ്ചിക യാത്രകള്‍ ജീവിതത്തോട് ചേര്‍ക്കുന്നത്

അച്ചുക്കയുടെ മകള്‍ അമ്മു. ജീവിതത്തിലെ മനോഹരമായ സായാഹ്നങ്ങളിലൊന്ന് സമ്മാനിച്ചവള്‍ . വെറുതെയൊരു യാത്ര - അതു മാത്രമായിരുന്നു തുടക്കത്തില്‍ . അച്ചുക്കയെ അല്ലാതെ കുടുംബത്തെക്കുറിച്ച് ഒന്നുമറിയില്ല. വളരെ ശാന്തമായ, അതിലേറെ ഒരു ചിത്രത്തിന്റെ സജീവമായ നിശ്ശബ്ദത പോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത് പ്രദോഷ് വണ്ടി നിര്‍ത്തുമ്പോള്‍ ഒരു കുഞ്ഞിനെക്കുറിച്ചുള്ള ത്രസിക്കുന്ന ഒരു അനുഭവമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരോര്‍മ്മത്തുണ്ടായി ഈ നിമിഷങ്ങള്‍ മാറാന്‍ പോവുകയാണെന്ന് ഞാന്‍ അറിഞ്ഞതേയില്ല; ഒപ്പം കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന പലയിടത്തും അന്വേഷിച്ച് നടന്നിരുന്ന ഒരു മഹത്തായ പുസ്തകത്തിലൂടെ- ഒരമൂല്യമായ സമാഹാരത്തിലൂടെ- ഞാന്‍ സഞ്ചരിക്കാന്‍ പോവുകയാണെന്നും!
ഒരു ഉത്തരേന്ത്യന്‍ ജോലിക്കാരന്റെ സര്‍ഗ്ഗരാഹിത്യത്തിന്റെ ഇര.
കടയ്ക്കല്‍ നിന്നും മുറിച്ചുമാറ്റപ്പെട്ട ഒരു തടിയന്‍ മുരിങ്ങാമരം.. അതായിരുന്നു ആദ്യം ഞങ്ങളെ വരവേറ്റത്. അല്ലെങ്കിലും ചോര വാര്‍ന്നൊഴുകാത്ത ചില നിശ്ശബ്ദമായ മുറിവുകള്‍ ഏതൊരു പ്രവാസിയുടേയും കൂടിയാണല്ലോ....

എന്തായാലും, ഏത് കൂട്ടത്തിലും കുഞ്ഞുങ്ങളാണ് ഏറ്റവും വേഗം അവരുടെ ലോകം കണ്ടെടുക്കുന്നത്. ആ കണ്ടെടുക്കലില്‍ അച്ചുക്കയും അവരോടൊപ്പം ഏറ്റവും ചെറിയ കുട്ടിയായി മാറുന്നത് രസകരമായിരുന്നു. ചില സാധ്യതകള്‍ തുറന്നു കൊടുക്കകയാണ്, കുട്ടികളുടെ ലോകത്തില്‍ ആധിപത്യം സ്ഥാപിക്കുകയല്ല നമ്മള്‍ ചെയ്യേണ്ടതെന്ന് അച്ചുക്ക പറയുമ്പോള്‍ ചുമരിലൊട്ടിച്ച കാര്‍ഡ് ബോര്‍ഡ് ചട്ടക്കൂട് ആ സ്വീകരണമുറി ഒരു ബാസ്കറ്റ് ബാള്‍ കോര്‍ട്ട് ആയി എങ്ങനെ രൂപാന്തരപ്പെടുന്നുവെന്ന് കാണുകയായിരുന്നു. ഖലില്‍ ജിബ്രാന്റെ, 'Your children are not your children....' എന്ന് തുടങ്ങുന്ന പ്രശസ്തമായ വരികള്‍ ഒന്നുകൂടി ആഴത്തില്‍ ഹൃദയത്തിലേക്ക് പതിയുകയായിരുന്നു...

അതിനിടയിലായിരുന്നു അത് സംഭവിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും പ്രിയപ്പെട്ട ഒരു പുസ്തകത്തെ കണ്ടെത്താന്‍ അറിയാന്‍ സ്നേഹിക്കാന്‍  കഴിയലാണെന്ന്. അച്ചുക്കയുടെ ചിത്രലോകത്തെ ഒരു പുസ്തകം. കറുത്ത പുറംചട്ടയില്‍ സ്വര്‍ണ്ണാക്ഷരങ്ങളില്‍ - The Complete Works of Leonardo Da Vinci‘അതെടുക്കണമെങ്കില്‍ ചുമട്ടുകാരനെ വിളിക്കണംഎന്ന് അച്ചുക്കയുടെ ഭാര്യ തമാശ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു – ഏതര്‍ത്ഥത്തിലും അത്ര ഭാരിച്ച പുസ്തകം!
ഖത്തറിലെത്തിയ ഈ മൂന്നു മാസത്തിനുള്ളിലെ ഏറ്റവും വിലപ്പെട്ട അനുഭവം. കുറച്ചു മണിക്കൂറുകള്‍ കൊണ്ട് ഒന്നുമാവില്ലെങ്കിലും അതിന്റെ എല്ലാ പേജുകളിലൂടെയും ഞാന്‍ മനസ്സോടിച്ചു. ഡാവിഞ്ചിയുടെ ചിത്രങ്ങള്‍. അവയിലെ ലോകം. ചിത്രവിസ്ഫോടനങ്ങള്‍ എന്നു പറയാവുന്ന ചില തലങ്ങള്‍. ചിത്രങ്ങള്‍ക്കൊപ്പം സമാനതകളില്ലാത്ത ഭാഷയിലെ വിശകലനങ്ങള്‍ . ഇത്ര സമ്പന്നമാകാന്‍ പറ്റുമോ ചില നേരങ്ങള്‍ക്കെന്ന് അതിശയിച്ചിരുന്നു പോയി. Lida and the Swan  എന്ന ചിത്രം കാണണം. ഒരുപക്ഷെ നമ്മുടെ സൌന്ദര്യ ബോധത്തെ, തത്വശസ്ത്ര ചിന്തകളെ, ധാര്‍മികതയെ, സ്വകാര്യതയെക്കുറിച്ചുള്ള മൂടുപടങ്ങളെ എല്ലാം പൊളിച്ചുമാറ്റാന്‍ പ്രേരിപ്പിക്കുന്നൊരു പടം.
സമയം ഏറെയായി. തിരിച്ചു പോരണം. ഭക്ഷണം കഴിക്കാന്‍ അടുത്തുള്ള ക്ലബിലേയ്ക്ക്. വിഷാദത്തിന്റെ മഞ്ഞ വെളിച്ചത്തിലാണ് സന്ധ്യയായാല്‍ ഇവിടുത്തെ പാതയോരങ്ങള്‍. ഫുട്പാത്തിലൂടെ രാത്രിയിലുള്ള ശാന്തമെന്നു തോന്നിക്കുന്ന നടത്തത്തില്‍ വല്ലാതെ സങ്കടപ്പെടുന്നല്ലൊ മനസ്സ് എന്നു മുനിഞ്ഞ് കത്തുന്ന വെളിച്ചം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. എന്തിനെന്നറിയില്ല, ക്ലബിലേക്കുള്ള ആ നടപ്പിലും വിഷാദം ഇങ്ങനെ തെളിയാതെ കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു, സംസാരിച്ചും ചിരിച്ചും നടക്കുകയായിരുന്നെങ്കില്‍ പോലും...

ക്ലബിലെത്തിയപ്പോള്‍ കുട്ടികള്‍ നാലു പേരും ഉത്സാഹത്തോടെ അവിടമാകെ ഓടി നടന്നു. ഞങ്ങളും പതുക്കെ അച്ചുക്കയുടെ സുഹൃത്തുക്കളോടൊക്കെ കുശലം പറഞ്ഞ് നടന്നു. കുറച്ചു കഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് തിരിച്ചുള്ള നടത്തത്തിനിടയിലായിരുന്നു അമ്മു എന്ന നക്ഷത്രക്കുഞ്ഞ് അവളുടെ ആകാശത്തേയ്ക്ക് എന്നേയും കൊണ്ടു പോയത്... എന്നെ മാത്രമല്ല, എന്നോടൊപ്പം എല്ലാവരേയും.. 

കുസൃതി നിറഞ്ഞ കുറെ കുഞ്ഞുചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടായിരുന്നു അവള്‍ എന്നിലേക്കു വന്നു കൊണ്ടിരുന്നത്. ആന്റീ, എയ്റ്റി കപ്പ് ഉണ്ടായിരുന്നു, അതിലൊന്നു വീണ് പൊട്ടിയാല്‍ ബാക്കിയെത്ര ഉണ്ടാവും?” എന്ന് തുടങ്ങി ജാഗ്രത പാലിച്ചില്ലെങ്കില്‍ ശരിയുത്തരത്തിലേക്കുള്ള വഴിതെറ്റിക്കുന്ന ചോദ്യങ്ങള്‍ .. കുട്ടികള്‍ക്കു വേണ്ടി വെറുതെ തോറ്റുകൊടുക്കന്നത് അവരെ മാനസികമായി ബലഹീനരാക്കുകയേ ഉള്ളൂ. കൂടുതല്‍ വെല്ലുവിളികളുയര്‍ത്തുന്ന ചോദ്യങ്ങളും കൊണ്ട് അവര്‍ വരുന്നത് കൌതുകത്തോടെ അതിലേറെ അഭിമാനത്തോടെ കാണാനാണെനിക്കിഷ്ടം. അതുകൊണ്ട് അമ്മു ചോദിച്ച ഓരോ ചോദ്യത്തിനേയും ഒളിഞ്ഞും തിരിഞ്ഞും വളഞ്ഞും മറഞ്ഞും നോക്കി ഉത്തരങ്ങളായി വിവര്‍ത്തനം ചെയ്യേണ്ടതുണ്ടായിരുന്നു. ചില ദാര്‍ശനിക പ്രശ്നങ്ങള്‍ ഉയര്‍ത്തിയാല്‍ ചിലപ്പോള്‍ എളുപ്പത്തില്‍ മറുപടി പറയാന്‍ കഴിഞ്ഞെന്നു വരും. പക്ഷെ കുഞ്ഞുമനസ്സിന്റെ ലാളിത്യത്തിനെ അതേ ലാളിത്യം കൊണ്ട് നേരിട്ടാലേ നമ്മള്‍ ഉത്തരത്തിലേക്കെത്തുകയുള്ളു എന്നത് ഉറപ്പാണ്.


https://mail.google.com/mail/images/cleardot.gif
എന്തായാലും അമ്മു ചോദ്യവും ഞാന്‍ വഴിയടക്കമുള്ള ഉത്തരവുമായി ആര്‍ത്തു ചിരിച്ച് ഒരു സംഘമായി നീങ്ങിക്കൊണ്ടിരുന്നു. എന്ത് രസമായിരുന്നെന്നൊ എല്ലാവരേയും രസിപ്പിച്ചുകൊണ്ടുള്ള ആ മടക്ക യാത്ര! ചോദ്യമെന്നോ ഉത്തരമെന്നൊ ജയമെന്നൊ പരാജയമെന്നൊ ഒന്നും നമുക്ക് ഒന്നിനെയും വേര്‍തിരിച്ചിടാനാവില്ലെന്ന് കുട്ടികളില്‍ നിന്നു വേണം നമ്മള്‍ പഠിക്കാന്‍. വെല്ലുവിളികളുടെ ആകെത്തുകയായി ജീവിതത്തെ കാണാന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്നത് മാത്രമാണ് അതിജീവനത്തിന് നേരെയുള്ള ചൂണ്ടുവിരല്‍.
കൃത്യം വീടിനടുത്തെത്താറാവുമ്പോഴായിരുന്നു അവസാനത്തേതിന്റെ തൊട്ടു മുമ്പിലത്തെ ചോദ്യം അവള്‍ ചോദിച്ചത്. നോക്കണം അവള്‍ ഏറ്റെടുത്ത വെല്ലുവിളി. ഏറ്റവും മനോഹരമായ ചിരിയോടെയായിരുന്നു ആ ചോദ്യം. ആന്റീ, ആനാനെ (ആനയെ) എങ്ങനെയാ ഫ്രിഡ്ജിലാക്കുക?’ ആ മുറ്റത്ത് വയ്യാതെ അങ്ങനെ നിന്നു പോയി ഞാന്‍. ഹൊ, ഇതെന്തൊരു ചോദ്യം. ചില ചോദ്യങ്ങള്‍ അങ്ങനെയാണ്. ഉത്തരം ജീവിതം എന്നായാല്‍ പോലും, അത്ര ലളിതമായാല്‍ പോലും ഒരു സാധ്യതയും തുറന്നു തരാതെ അടഞ്ഞ് തന്നെയിരിക്കും - പിടഞ്ഞ് മാറാനാവാതെ, കടല്‍ തേടി പോകാനാവാതെ കരയ്ക്കുപേക്ഷിച്ച് പോയ മീനിനെ പോലെ...

 ‘
ഇത് ഉത്തരമില്ലാത്ത ചോദ്യം, ആനയെ ഫ്രിഡ്ജിലാക്കാനേ പറ്റില്ല.ഞാന്‍ അവസാനം ഉറപ്പിച്ച് പറഞ്ഞു.. പറ്റും പറ്റും. ആന്റി കൈ തന്നേ, തോറ്റു അല്ലെ, ഞാന്‍ പറയാം... Very simple. Open the fridge. Push the elephant and close the door.' അവള്‍ അതും പറഞ്ഞ് തുള്ളിച്ചാടുന്നത് ഒന്നു കാണണമായിരുന്നു. അവള്‍ ഉയര്‍ന്ന് പൊങ്ങിയത് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന ആകാശത്തേക്കായിരുന്നില്ല, എന്റെയീ അക്ഷരങ്ങളിലേക്കായിരുന്നു.. അന്നേ കുറിച്ചിട്ട മരുപ്പച്ചയായ അക്ഷരങ്ങളിലേക്ക്.