2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

‘അ‘ഭാവം

കാഴ്ചയ്ക്ക്
കാവലിരിക്കുന്നൊരാള്‍

കണ്ണൊന്ന് തെറ്റിയാല്‍
ചില
‘അ‘ഭാവങ്ങളിലേയ്ക്ക്
ആഴ്ന്നു പോകുന്ന ഞാന്‍

എഴുതിയാലും
എഴുതിയാലും
തീരാത്തൊരൊറ്റവാക്കിലേക്ക്
മാത്രം ആരുമെന്നെ
പകര്‍ത്തി വയ്ക്കാതെ!!!

മഴമേഘമേ

ചില താളുകളില്‍
പതിഞ്ഞിരിപ്പുണ്ടാവും
വാക്കിന്റെ ഉള്ളറകളില്‍
ജ്വാല തേടുന്നവര്‍

അതുകൊണ്ട്
പുഴയുടെ
കലങ്ങിയ കണ്ണുകളിലേക്ക്
വീണ്ടുമൊരു മഴമേഘമേ

ആര്‍ത്തലച്ച് പെയ്തുകൊള്ളുക
കാഴ്ച തെളിയും വരെ!

പരസ്യമാപ്പ്

ആരാവാം
ഇത്ര സ്മാര്‍ട്ടായ
ചെമ്മീനിനെ
ഒരു പഴഞ്ചൊല്ലിനുള്ളില്‍
ഒടിച്ച് മടക്കി
ഇട്ടു കളഞ്ഞത്

തന്നെ മുറിക്കാന്‍
അരിവാള്‍പ്പിടിയില്‍
മുറുകെപ്പിടിച്ച
അമ്മയോട്
അവസാന പിടച്ചിലിനിടയിലും
പ്രഖ്യാപിക്കുന്നു
‘തന്റെ മുട്ടോളമല്ല ഞാന്‍ ‘
എന്ന്
ചട്ടിയില്‍ കാത്തിരിക്കുന്ന
തിളച്ച വെള്ളത്തിലേക്കുള്ള
യാത്രാമദ്ധ്യേ
ഒരു മുഴുത്ത ചെമ്മീന്‍ !

പഴഞ്ചന്‍ ചൊല്ലുകളേ,
പറ്റിപ്പോയ തെറ്റുകള്‍ക്ക്
അപമാനങ്ങള്‍ക്ക്
പരസ്യമാപ്പ്
എഴുതിക്കൊടുക്കാമോ..?

പിന്‍വിളി

എഴുതല്ലെ
എഴുതല്ലെ
എന്ന്
പിന്‍വിളി
വിളിക്കെന്റെ
പ്രണയമേ
മഷി നിറയാന്‍ പോയ
തൂവലേ...