2009, നവംബർ 16, തിങ്കളാഴ്‌ച

വാക്ക്

പേനത്തുമ്പില്‍
പൊട്ടിത്തെറിക്കുന്ന മഷിക്കണികകള്‍

നാവിന്‍ തുമ്പില്‍
ഉരിയാടാതെ പോകുന്ന നക്ഷത്രം

കലാപഭുമിയിലെ
ധ്രുതതാളത്തിലെ കാലൊച്ച

പാതിദൂരം പോയി
കാറ്റു ദിശ മാറ്റിയ കല്ലിന്റെ
അമ്പരപ്പ്

പുഴുത്തുളകള്‍ വീണ ഇലയുടെ
മുറുമുറുപ്പാര്‍ന്ന പ്രതിഷേധം

പുകഞ്ഞെരിയുന്ന തീ നിലങ്ങളില്‍
വന്നു വീഴുന്ന മഴത്തുള്ളികള്‍

നിറഞ്ഞു നിന്നൊരാകാശത്തു നിന്നും
പൊടുന്നനെ പോയ്മറഞ്ഞ
നക്ഷത്രങ്ങള്‍ ബാക്കിവെച്ച
ശൂന്യത.