2010, ഡിസംബര്‍ 27, തിങ്കളാഴ്ച

വേരുകൾ

സമുദ്രം രൂക്ഷമായൊന്നു നോക്കിയാ മതി
ഒരു മരത്തിനു ഉടലാകെ കുതിന്നു പോകാ...
എങ്കിലും വേരറിയാതെ
വേരറുക്കാതെ ഒരു മരത്തിനും
മായാനാവില്ല.

എത്ര വേരുകളാണ്
കാലങ്ങളായ് മണ്ണിലൂടെ
എന്തോ തേടി പോകുന്നത്...


ഒരു നാ എല്ലാം കെട്ടുപിണഞ്ഞ്
നരച്ചൊടുങ്ങി
കനപാറി കരിയിച്ചു കളയും...

വേരുക മ്മകളെയല്ല തേടുന്നത്..
ശബ്ദത്തെയാണ്....
ഇഴചേന്ന് ഇണചേരുന്ന ശബ്ദം...


മണ്ണിനെ അഗ്നിയായും വെള്ളമായും
പൊട്ടിയുണത്തുന്ന ശബ്ദം...

verumvaaakkukal: എന്റെ സന്ധ്യകൾ....

verumvaaakkukal: എന്റെ സന്ധ്യകൾ....

എന്റെ സന്ധ്യകൾ....

കൊടുങ്കാറ്റായ് മാറുന്ന


മൌനത്തിൻ ചില്ലകളല്ല ഉന്മാദം.

സിരകളിൽനിന്ന് സിരകളിലേക്ക്

പതിയെപ്പടർന്ന്

ഉമിനീരിനായ് ദാഹിച്ച് ദാഹിച്ച്

കാഴ്ചകളെല്ലാം നരച്ച്

കൈകൾ അയഞ്ഞ്

കാലുകൾ വിറച്ച്

ഒരു ഉൾവലിയൽ...



മുളങ്കുഴലിൽ

ചതഞ്ഞുപോയൊരു രാഗം

കാറ്റ് തിരിച്ചു വാങ്ങിയ വെട്ടം

കണ്ണുകൾ കുടഞ്ഞെറിഞ്ഞ വേദന

പിന്നെയുമെന്തൊക്കെയോ....



ഒടുക്കം,

ഒരിടവഴിയിൽ

ജിബ്രാന്റെ പ്രവാചകൻ...

അലഞ്ഞു തിരിയുന്നവൻ...

പക്ഷെ

ഉടക്കിയ മനസ്സ്

വീണ്ടും പറിഞ്ഞുപോരുന്നു..



സ്വനപേടകങ്ങളിൽ

കടുംതുടിപ്പാട്ട്...

കുറുകെച്ചാടുന്ന കരിമ്പൂച്ചകൾ

കൈരേഖ വരയ്ക്കുന്ന കാലം...

മഴമേഘമെല്ലാം കാറ്റിന്റെ കൂടെപ്പോയ്

വയലുതേടി പെയ്യാനൊരുങ്ങുന്നു.



കരിയിലക്കൂട്ടങ്ങളിൽ

മഴപെയ്യുന്നതും കാത്ത്

എന്റെ സന്ധ്യകൾ....

2010, ജൂണ്‍ 5, ശനിയാഴ്ച

യാത്ര

ഒരു വിഷാദത്തിന്‍ നെരിപ്പോടിനുള്ളില്‍
എന്റെ പ്രണയം മരിച്ചുവീഴുന്നു.
ഇനി,
ചതിയുടെ കുരിശും ചുമന്ന്‍
മോഹഭംഗത്തിന്‍റെ
അവസാന അത്താഴവും ഉണ്ട്
നോവിന്‍റെ പാതയിലൂടെ
കാല്‍വരിയിലേക്കുള്ള പ്രയാണം.
വഴിവക്കില്‍
വെളിച്ചത്തില്‍നിന്നും
ഓടിക്കിതച്ചുവന്ന
ഇരുട്ടിന്‍റെ കാവല്‍.
തലയില്‍ ഓര്‍മ്മകളുടെ തുലാഭാരം.
മനസ്സില്‍പ്രതീക്ഷകള്‍
ചുട്ടുനീറുമ്പോഴും
മുള്‍മുനകള്‍ തേടി അലയുന്ന കാലുകള്‍...
ഇലകളില്‍
ശിശിരകാലത്തിന്‍റെ സ്പര്‍ശനം പോലെ
മുന്നില്‍
അടര്‍ന്നുവീഴുന്ന പടവുകള്‍.....

2010, ഏപ്രില്‍ 11, ഞായറാഴ്ച

നാളെകൾ

എഴുത്താണികൊണ്ട്
കോറിയിട്ട ലിഖിതങ്ങൾ.
ചുറ്റും കത്തിജ്വലിക്കുന്ന
നക്ഷത്രശിഖ.
നീയായും ഞാനായും
പൂക്കളായും ഫലങ്ങളായും
പുനർജനിക്കുന്ന നാളെകൾ...
അവയ്ക്ക് എത്ര ഇന്നലെകളുടെ
പ്രേതരൂപങ്ങളെ കൂട്ടിയിണക്കണം!
ഒന്നും എനിക്കറിയില്ല...
പക്ഷേ, ഒരിക്കൽ നിന്നെ ഞാൻ രൂപപ്പെടുത്തും
നക്ഷത്രങ്ങൾ ജീവിതം രൂപകല്പനചെയ്യുന്ന അതേ അച്ചിൽ...
ഒരു വ്യത്യസം മാത്രം...
പിരിയൻ കോണികളിൽ എന്റെ പാദമുദ്രകൾ...
എന്റെ കാലൊച്ചകൾ...
നിന്റെ യാത്രകൽക്ക് ഭൂപടമൊരുക്കുന്നത് ഞാൻ...
പിന്നെ
ഒരുവിഷപ്പൂവിനും നിന്നെ സ്പർശിക്കാനാവില്ല.
ഒരു നക്ഷത്രത്തിനും എന്നെ പുറം തള്ളാനാവില്ല.

2009, നവംബര്‍ 27, വെള്ളിയാഴ്ച

കണ്ണടയ്ക്കാനാവാതെ....

ഇന്നലത്തെ മഴയില്‍
ഉമ്മറത്തേയ്ക്ക് കയറിവന്ന
ഒരു മത്സ്യത്തിന് എന്തോ പറയാനുണ്ട്.
മീന്‍ പിടിക്കാന്‍ വന്ന മുക്കുവന്ടെ കധയാണോ?
ഏയ്, അല്ല.
ഒരു പൊന്മാനിന്റെ കൊക്കില്‍ നിന്നും
ഭാഗ്യത്തിന് വീണു കിട്ടിയ
ജീവിതത്തെപ്പറ്റിയാണോ?
അയ്യോ, അതെന്നെ ഒര്‍മ്മിപ്പിക്കരുത്,
അതിനെപ്പറ്റിയല്ല.
നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല, ഞാന്‍ പറയാം.
പണ്ടു പണ്ടൊരു
മരംവെട്ടിയെയും ദേവതയെയും ഓര്‍ക്കുന്നുവൊ?
ആ മരംവെട്ടി, ചതിയന്‍....
ദേവതയെ പറ്റിക്കുകയായിരുന്നു!
അതെങ്ങനെ?!
അവന്‍ മഴു പുഴയിലേക്ക് വലിച്ചെറിഞ്ഞ്
മുതലക്കണ്ണീര്‍ പൊഴിച്ചിരിക്കുന്നത്...
ഇടംകണ്ണിട്ട് ദേവത വരുന്നുണ്ടോ എന്ന്
നോക്കിയിരിക്കുന്നത്...
വെള്ളത്തിനടിയിലിരുന്ന്
ഞാന്‍ കണ്ടതാ....!
ഓ, എന്റെ മീനേ,
ആരും സത്യം പറയാത്ത ഇക്കാലത്ത്
ഇതിനാണോ നീ
ഈ മഴ നനഞ്ഞു കയറിവന്നത്!
കര നിനക്കുള്ളതല്ല.
നീ നിന്റെ പുഴയിലേക്ക് തന്നെ
തിരിച്ചുപോവുക.
എനിക്ക് വയ്യ...
കണ്ണടയ്ക്കാനാവാതെ
ഇനിയും...
എന്തൊക്കെ ഞാന്‍ കണ്ടുകൊണ്ടിരിക്കണം...
‍എത്ര കാലം...!

2009, നവംബര്‍ 22, ഞായറാഴ്ച

അബോധം

ജീസസ്,
പാപബോധത്തിന്റെ
ഗോത്രസ്മൃതികളില്‍
നീയെന്റെ നാമാക്ഷരങ്ങള്‍
കുറിച്ചിട്ടതെന്തിന്?
നീ തന്ന ജീവിതം
നീ തന്ന ബോധാബോധങ്ങള്‍..
ചോരയൂറുന്ന കലണ്ടര്‍ മാസങ്ങള്‍..
ഇടിഞ്ഞു പൊളിയുന്നമനസ്സ്..
ഒരാര്‍ദ്രമായ നോട്ടവും
 തിരിച്ചുവരാത്ത കൊടുക്കലുകള്‍..
എരിഞ്ഞുതീരുന്ന തീക്കൊള്ളികള്‍
അവശേഷിപ്പിക്കാത്ത പ്രകാശം പോലെ..
അണയും മുന്‍പേ പകര്‍ന്നുകൊടുക്കാനാവാതെ..
അണഞ്ഞുപോയാല്‍ സ്വയം ആളിക്കത്താനാവാതെ..
തലമുറകളിലേക്ക് പകര്‍ന്നുപോകുന്ന
സ്വകാര്യസന്ദേഹങ്ങള്‍ മാത്രമായ്
നീയെന്നെ വീണ്ടും വീണ്ടും
വേട്ടയാടുന്നതെന്തിന്?

(ആത്യന്തികമായി മതങ്ങളും മതാധിഷ്ടിത സമൂഹവും സാധാരണ സ്ത്രീകളുടെ മനസ്സില്‍ അവശേഷിപ്പിക്കുന്നത് പാപബോധവും അതില്‍നിന്നുണ്ടാവുന്ന കുറ്റബോധവുമാണ്. അതുകൊണ്ടുതന്നെ അഭിമാനത്തോടെ ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് പറ്റുന്നില്ലെന്ന് എനിക്ക് പലപ്പൊഴും തോന്നാറുണ്ട്.)

2009, നവംബര്‍ 18, ബുധനാഴ്ച

കാഴ്ച

നീ ക്ഷോഭിക്കരുത്,
ഇതെന്റെ കാഴ്ചയാണ്.
വിരല്‍തുമ്പില്‍ ലഹരി മണക്കുന്നത്
സ്വന്തം ചേതനയിലേക്ക്
തീപ്പന്തങ്ങള്‍ കത്തിയിറങ്ങുമ്പോള്‍
എരിയുന്ന ഞരമ്പുകളെ പൊട്ടിച്ചെറിയാനാണ്.
ക്ഷമിച്ചേക്കുക.

അവര്‍ കാത്തിരിക്കുന്നു.
 ഒരു വ്യവസ്ഥ മാത്രം.
ദൃഷ്ടിയുയര്‍ത്താതെ
കാഴ്ചയറിയാതെ
സ്വന്തം കുഞ്ഞുങ്ങളെ ചിറകിലൊതുക്കുക.

അതുകൊണ്ട്,
നീ ക്ഷോഭിക്കരുത്.

അവരുടെ കണ്ണുകള്‍ പൊള്ളിച്ചെടുത്താലും
അന്ധന്മാരുടെ മറ്റൊരു തലമുറ
കാഴ്ച തരാൻ വരും.
കുഞ്ഞുങ്ങളെ കൂട്ടുപിടിച്ച്
 ഇത്തിരിക്കണ്ണിലെ
വലിയ കിനാക്കളെ പട്ടടയില്‍പ്പൊതിഞ്ഞ്
ഊരുതെണ്ടിക്കും.
പിന്നെ,
എവിടെയെന്റെ കുഞ്ഞെന്ന്
അമ്മമാര്‍ ആര്‍ത്തലച്ചാലും
കണ്ണിലെ തിമിരപ്പഴുപ്പിലൂടെ
അവരൊന്നു ചിരിക്കും,
തലമുറകള്‍ വേരറ്റുപോകുന്ന
നരകച്ചിരി...


അതുകണ്ട്,
നീ ക്ഷോഭിക്കരുത്.



2009, നവംബര്‍ 17, ചൊവ്വാഴ്ച

ഓര്‍മ്മ

ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍
ഞാന്‍ ഞെട്ടിപ്പോയി
എന്റെ ചിന്തകളെല്ലാം
നിലത്ത് ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നു.
കുറെയെണ്ണം വായുവില്‍ പറന്നു നടക്കുന്നു
കണ്ണുതിരുമ്മിനോക്കിയപ്പോള്‍
‍സത്യമാണ്, പൊയ്ക്കാഴ്ചയല്ല.
വേഗം ഞാന്‍ എല്ലാം
വാരിയെടുക്കാന്‍ ശ്രമിച്ചു
എത്താവുന്ന ഉയരത്തിലേക്കൊക്കെ
ചാടിപ്പിടിച്ചു
അയ്യോ, എത്രയെണ്ണം
മറ്റുമനസ്സുകളിലേക്കു
അറിയാതെ കയറിയിട്ടുണ്ടാകുമോ എന്തോ!
ശ്ശെ, എന്താണിന്നലെ സംഭവിച്ചത്?
എന്റെ ഓര്‍മ്മകള്‍....
ഇന്നലെ അവ ആരെയാണ്
അവസാനമായി പിന്തുടര്‍‍ന്നു പോയത്...