2009, നവംബർ 18, ബുധനാഴ്‌ച

കാഴ്ച

നീ ക്ഷോഭിക്കരുത്,
ഇതെന്റെ കാഴ്ചയാണ്.
വിരല്‍തുമ്പില്‍ ലഹരി മണക്കുന്നത്
സ്വന്തം ചേതനയിലേക്ക്
തീപ്പന്തങ്ങള്‍ കത്തിയിറങ്ങുമ്പോള്‍
എരിയുന്ന ഞരമ്പുകളെ പൊട്ടിച്ചെറിയാനാണ്.
ക്ഷമിച്ചേക്കുക.

അവര്‍ കാത്തിരിക്കുന്നു.
 ഒരു വ്യവസ്ഥ മാത്രം.
ദൃഷ്ടിയുയര്‍ത്താതെ
കാഴ്ചയറിയാതെ
സ്വന്തം കുഞ്ഞുങ്ങളെ ചിറകിലൊതുക്കുക.

അതുകൊണ്ട്,
നീ ക്ഷോഭിക്കരുത്.

അവരുടെ കണ്ണുകള്‍ പൊള്ളിച്ചെടുത്താലും
അന്ധന്മാരുടെ മറ്റൊരു തലമുറ
കാഴ്ച തരാൻ വരും.
കുഞ്ഞുങ്ങളെ കൂട്ടുപിടിച്ച്
 ഇത്തിരിക്കണ്ണിലെ
വലിയ കിനാക്കളെ പട്ടടയില്‍പ്പൊതിഞ്ഞ്
ഊരുതെണ്ടിക്കും.
പിന്നെ,
എവിടെയെന്റെ കുഞ്ഞെന്ന്
അമ്മമാര്‍ ആര്‍ത്തലച്ചാലും
കണ്ണിലെ തിമിരപ്പഴുപ്പിലൂടെ
അവരൊന്നു ചിരിക്കും,
തലമുറകള്‍ വേരറ്റുപോകുന്ന
നരകച്ചിരി...


അതുകണ്ട്,
നീ ക്ഷോഭിക്കരുത്.