2013, ജൂലൈ 24, ബുധനാഴ്‌ച

ചത്ത അക്വേറിയത്തിലെ അവസാനത്തെ വെള്ളിയാഴ്ച


October 23, 2012 at 2:27pm
ഉള്ളിലെവിടെയോ സാന്ദ്രമാകുന്നതെന്തോ ആ‍വിഷ്കരിക്കാനുള്ള ഒരു രീതിയാണ് കവിതയെഴുത്തെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നവയാണ് പൊതുവെ ടി. പി. അനിൽകുമാറിന്റെ കവിതകൾ. കാലത്തിന്റെ മണൽത്തിട്ടിലൂടെ അനായാസം ആഴ്ന്നിറങ്ങുന്ന അല്ലെങ്കിൽ ഊർന്നുപോകുന്ന ഓർമ്മകൾ അനിഷേധ്യമായ് പുനർജനിക്കുന്നുണ്ട് പല കവിതകളിലൂടെയും. അവയിൽത്തന്നെ വായനക്കാരുടെ ജൈവികാംശം ഓരോ വാക്കിലും ചിത്രത്തിലും അതിന്റെ എല്ലാ രാസസമവാക്യങ്ങളോടും കൂടി വായിച്ചെടുക്കാവുന്ന എനിക്കേറെയിഷ്ടപ്പെട്ട ഒരു കവിതയാണ് ‘അവസാനത്തെ വെള്ളിയാഴ്ച’.
ചത്തുപോയ അക്വേറിയം എന്ന പ്രയോഗം ഒറ്റ ശ്വാസത്തിൽത്തന്നെ അക്വേറിയത്തെക്കുറിച്ചുള്ള പൊതുധാരണകളെ തകർത്തുതരിപ്പണമാക്കും. നിറക്കൂട്ടും വർണ്ണമത്സ്യങ്ങളും വെള്ളാരങ്കല്ലുകളും ഓക്സിജൻ കുമിളകളും ഒക്കെയാണ് ‘അക്വേറിയം‘ എന്നു വായിക്കുമ്പോൾ മനസ്സിൽ ആദ്യം വരിക. പക്ഷെ ഈ കവിതയിൽ അക്വേറിയത്തിന്റെ ഒരു ‘പ്രതി’ബിംബം എന്നുപറയാവുന്ന ‘ചത്തുപോയ അക്വേറിയ‘മാണ് സജീവമായി നിലനിൽക്കുന്നത്.
സാഹിത്യം പ്രത്യേകിച്ചും കവിത ഭാഷയുടെ ഒരുതരം ‘അപനിർമ്മാണം’ ആണെന്ന നിരീക്ഷണത്തെ തികച്ചും സാധൂകരിക്കുന്നു ഈ കവിത. ‘ചത്തുപോയ അക്വേറിയം‘ എന്ന പ്രയോഗത്തിൽ മനസ്സുടക്കി അതിൽനിന്നും പറിഞ്ഞുപോരാൻ ശ്രമിക്കുമ്പോൾ അടുത്തതായി നമ്മെ കാത്തിരിക്കുന്നത് ഒരു ഹിമശിഖരമാണ്- ‘ഓർമ്മയുടെ ഉപ്പുതൂണുകൾ‘. തണുക്കാതെ വയ്യ... ഓർമ്മകളിൽ സാന്ദ്രമാകാതെയും വയ്യ... അത്രയ്ക്കു ഉപ്പ് ‘കയ്ക്കുന്നു’. (ഈ കയ്പ്പാവുമൊ അവസാനം ആ വേപ്പുമരത്തിനും തോന്നിയത്...) പതുക്കെ, സജീവമായ ഒരു ലോകത്തിൽനിന്നും നിർജീവമായ അല്ലെങ്കിൽ നിർജീവതയോടടുത്ത ഒരു ലോകത്തിലേക്ക് മാറിപ്പോയ ജീവിതത്തിന്റെ സ്മാരകങ്ങൾ പോലെയാകുന്നു ഈ ഉപ്പുതൂണുകൾ. ഈ കവിതയിലെ ഏറ്റവും ആഴമേറിയ, പതിയിരിക്കുന്ന ചുഴികളുള്ള ഒരിടമാണിത്. അതുകൊണ്ട് വായനക്കാരേ, സൂക്ഷിച്ച് ഒരു വടക്കുനോക്കിയന്ത്രവും കൈയ്യിൽ കരുതാതെ യാത്ര ചെയ്യുക- ഇതിന്റെ ആഴം ആസ്വദിക്കാൻ അതിൽ സ്വയം നഷ്ടപ്പെടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ. മുൻ വിധികളില്ലാതെ യാത്ര ചെയ്തില്ലെങ്കിൽ നാടിനെക്കുറിച്ചുള്ള ഓർമ്മമാത്രമായി ഈ ഉപ്പുതൂണുകൾക്ക് സാന്ദ്രത കുറഞ്ഞു പോയെന്ന് വരാം. ഇവിടെയാണ് വായനക്കാരന് തന്റെ ജൈവികാംശം ആരോപിച്ച് ഒരുപാടാഴങ്ങളിൽ ഊളിയിടാൻ കഴിയുന്നത്.
 വർണ്ണാഭമെന്നു തോന്നിക്കുന്ന ഒരു കണ്ണാടിക്കാ‍ലത്തിനുള്ളിൽ-ജീവിതത്തിനുള്ളിൽ- പറ്റിയിരിക്കുന്ന മേഘങ്ങൾ കറുത്ത് കറുത്ത് ചത്ത അക്വേറിയത്തിനുള്ളിൽ മഴയായ് പെയ്യുന്ന ആവിഷ്കാരഭംഗി എത്ര ഓർത്തെടുത്തിട്ടും മതിയാവുന്നില്ല! നനഞ്ഞു നനഞ്ഞ് വിറങ്ങലിച്ചുപോകും വരെ അങ്ങനെയിരിക്കാൻ തോന്നും. കറുത്തുപോയ അമ്പിളിക്കലയും കണ്ട്, തുടങ്ങും മുൻപെ നിലച്ചുപോയ പാട്ടും കേട്ട്, പെട്ടെന്ന് നിലച്ചുപോയ മഴയിൽ നനഞ്ഞുകുതിർന്ന് അവനോടൊപ്പം നമ്മളും പുറത്തുവരുന്നു. എന്തൊരു കവിതയാണിത്...!
തുറന്നിരിക്കുന്ന മീൻ കണ്ണുകളും അപകടമരണങ്ങളുടെ ഓർമ്മയും അവന്റെ നിലവിളിയും ഈ മൃതനഗരത്തെ, നമ്മുടെ കാലത്തെ (ചില രക്തസാക്ഷിത്തങ്ങളെയും) നന്നായി പ്രതിനിധാനം ചെയ്യുന്നുണ്ട്. മീനുകൾക്ക് മാത്രമല്ല ഈ നഗരങ്ങൾക്കുമുണ്ട് ഒരിക്കലും അടയാത്ത കണ്ണുകൾ... (ചില അവസ്ഥകൾ...)
ചത്തുപോയ അക്വേറിയം തകരാൻ തുടങ്ങുമ്പോൾ രക്ഷപ്പെട്ടോടാൻ ശ്രമിക്കുന്ന അവനെ ഉന്മാദിയാക്കാൻ പച്ചപ്പുനിറഞ്ഞ ഒരു ‘കയ്പുമരം’ മുറ്റത്തുതന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു... ആ മൃതനഗരത്തിന്റെ ആത്മാവിനെയും ഉള്ളിലേറ്റിക്കൊണ്ടേ അവന് അവിടെനിന്നും കുതറിയോടാനാവൂ...
ചില വരികൾ വിവർത്തനം ചെയ്യാനാവില്ല... അതു കവിതയിൽ മാത്രം അനുഭവിക്കാനാവുന്നത്. അങ്ങിനെയൊന്നാണ്, ‘എനിക്കു വല്ലാതെ കയ്ച്ചെ‘ന്ന് വേപ്പുമരം അവന്റെ ചെവിയിൽ പറയുന്ന വാക്കുകൾ...
  ചത്തുപോയ അക്വേറിയം വർത്തമാനകാലമാകാം‌‌‌‌‌, പ്രവാസജീവിതമാകാം- ചില ഇടിമുഴക്കങ്ങൾ പോലുമാകാം- പലതുമാകാം- പലതുമാക്കാം- അങ്ങനെ കവിയുടെ കൈയ്യിൽ നിന്ന് ഈ കവിത വഴുതിവീണ് ചത്തുപോയ അക്വേറിയത്തിലേക്ക് പിടഞ്ഞു പിടഞ്ഞു ചെന്ന് സകല ഉപ്പുതൂണുകൾക്കും ജീവൻ വെയ്പിക്കുന്നു...!

അവസാനത്തെ വെള്ളിയാഴ്ച
(ടി. പി. അനിൽകുമാർ)

അവന്റെ വീട്ടില്‍
ചത്തുപോയ ഒരു അക്വേറിയമുണ്ട്
അതില്‍ നിറയെ
ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍
മുളച്ചു നില്‍ക്കുന്നു
മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന
നീര്‍ച്ചെടികളുടെ ഓര്‍മ്മകള്‍
ചെടികള്‍ക്കിടയില്‍ നീന്തിയിരുന്ന
മീനുകളുടെ ഓര്‍മ്മകള്‍

ഞാന്‍ നോക്കി നില്‍ക്കെ
അക്വേറിയത്തില്‍ കിടന്ന്
അവനുറക്കെ നിലവിളിച്ചു

ചത്തുപോയ അക്വേറിയത്തിന്റെ
ചില്ലുചുമരുകളില്‍ കരിമേഘങ്ങളുണ്ട്
അതു പെയ്യാന്‍ തുടങ്ങി
കറുത്തു പോയ അമ്പിളിക്കലകണക്കെ
ഒരു മീന്‍ വഞ്ചി അകലെ തെളിഞ്ഞുവന്നു
'കാണാപ്പൊന്നിനു പോണോരേ...'
എന്നൊരു പാട്ട് എപ്പോള്‍ വേണമെങ്കിലും
കരയിലുണരാമെന്നായപ്പോള്‍
പെട്ടെന്ന് മഴ നിന്നു
മഴയിലും കണ്ണീരിലും
നനഞ്ഞു കുതിര്‍ന്നവന്‍ പുറത്തു വന്നു

അവന്റെ, ചത്തുപോയ അക്വേറിയം
ഒരു മൃതനഗരത്തെ ഓര്‍മ്മിപ്പിക്കുന്നു
കൊടുങ്കാറ്റുകള്‍ തകര്‍ത്തിട്ട
കെട്ടിടങ്ങള്‍ക്കിടയില്‍
തുറന്നിരിക്കുന്ന മീന്‍കണ്ണുകള്‍

അടയാത്ത കണ്ണുകളില്‍
അപകടമരണങ്ങളുടെ ഓര്‍മ്മയുമായി
അവന്‍ പറഞ്ഞു
"ഈ ചില്ലുകൂടിപ്പോള്‍ പൊട്ടിത്തകരും
നമുക്കു രക്ഷപ്പെടാം"

പുറത്തിറങ്ങുമ്പോള്‍
വെപ്രാളത്തിനിടയിലും
പതിവുപോലെ മുറ്റത്തെ വേപ്പുമരത്തിനു
അവനൊരുമ്മ കൊടുത്തു

"എനിയ്ക്കു വല്ലാതെ കയ്ച്ചു"

കാലൊച്ച കേള്‍പ്പിക്കാതെ
പിന്നാലെ വന്ന വേപ്പുമരം
അവന്റെ ചെവിയില്‍ പറയുന്നതു കേട്ടു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ