2013, ജൂലൈ 24, ബുധനാഴ്‌ച

‘കറുത്തുപോയ വെള്ളിയരഞ്ഞാണങ്ങൾ...’ (മരംകൊത്തി – ടി. പി. അനിൽകുമാർ)

July 9, 2013 at 3:22pm

ജീവിതത്തിന്റെ വളരെ സങ്കീർണ്ണവും സൂക്ഷ്മവുമായ അവസ്ഥകളിൽ നിന്നുകൊണ്ട് നമ്മോട് സംവദിക്കുന്ന കവിതകളാണ് ടി. പി. അനിൽകുമാറിന്റെ ‘മരംകൊത്തി’ എന്ന സമാഹാരത്തിലുള്ളത്. ഭാഷയെന്ന വടവൃക്ഷത്തിൽനിന്ന്, ജീവിതത്തിന്റെ നിറം കെട്ട യാഥാർത്ഥ്യങ്ങളുടെ ‘മഞ്ഞമരക്കാതലിൽനിന്ന്‘ കൃത്യമായ അളവിൽ ‘ഇളക്കി‘യെടുക്കുന്ന അല്ലെങ്കിൽ പണിതീർത്തെടുക്കുന്ന ശില്പചാതുരിയാണ് പൊതുവെ അനിൽകുമാറിന്റെ കവിതകൾ. ‘പഴുതില്ലാതെ ചേരും കട്ടിളക്കാലും പടികളും പോലെ’ ഒരു വാക്കു പോലും വെറുതെ ഉപയോഗിക്കാത്ത കവി. ഓരോ വാക്കും അഴിച്ചെടുക്കാം അതേപോലെ ചേർത്തും വെയ്ക്കാം. സമകാലിക കവിതയിലെ പുതിയ വഴികളിൽ അനന്യമായ ഒരു വായനാനുഭവമാണ് ‘മരംകൊത്തി’. പല തലങ്ങളിലൂടെ പടർന്ന് വായനക്കാരെ പിടികൂടുന്ന, പലപ്പൊഴും വേട്ടയാടുന്ന ഈ കവിതകളിലെ ചില തലങ്ങളെങ്കിലും വായിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണിവിടെ.

ഈ സമാഹാരത്തിലെ ടൈറ്റിൽ പോയം (title poem) ആയ ‘മരംകൊത്തി‘യെ ആദ്യമൊന്നഴിച്ചു നോക്കാം. രതിബിംബങ്ങളാൽ സർഗാത്മകതയുടെ കലാപരത കാണിച്ചുതരുന്ന മനോഹരമായ ഒരു ചിത്രമാണ് ഈ കവിതയുടെ തുടക്കത്തിൽ നമുക്കു കാണാനാവുന്നത്. രതിയും കലയും പരസ്പര പൂരകങ്ങളാകുന്നത് ഇതാദ്യമല്ല ഒരു കലാസൃഷ്ടിയിൽ. ചിരപുരാതനവും ചിരപരിചിതവുമായ ഒരു ബോധ്യമാണത്. പക്ഷെ എത്ര വ്യത്യസ്തമായാണ് ഈ വരികളിൽ അത് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.
മൂത്താശാരി പണിക്കിരുന്നാൽ
ഉണക്കമരങ്ങൾ പോലും
എണ്ണ കിനിഞ്ഞ് മലർന്നു കിടക്കും
ഇമകളടയും പോൽ
പഴുതില്ലാതെ ചേരും
കട്ടിളക്കാലും പടികളും
വാതിലിൽ കൊത്തിയ
മുന്തിരിക്കുലകളിൽ
മധുരം നിറയും
നിദ്രയിൽ വീടുവിട്ടിറങ്ങും
തരുണരാം മരപ്രതിമകൾ

ഈ സൌന്ദര്യത്തിന്റെ അങ്ങേയറ്റത്തെ വൈരുദ്ധ്യമാണ് യഥാർത്ഥ ജീവിതത്തിന്റെ പച്ചയായ അനുഭവസാക്ഷ്യങ്ങളാണ് അടുത്ത ഭാഗത്ത് കാണാൻ കഴിയുക.
ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം

വളരെ അനായാസമായാണ് കൃത്രിമത്വങ്ങളോ അതിഭാവുകത്വങ്ങളോ ഇല്ലാതെ ചിരപരിചിതമായ ചുറ്റുപാടുകളെ തന്റെ കവിതകളിലേയ്ക്ക് അനിൽകുമാർ ആവാഹിക്കുന്നത്. കലയുടെ മറുപുറം ജീവിച്ചുതീർക്കാതെ വിടാനാവാത്ത യാഥർത്ഥ്യങ്ങളാണ്. പണിയേൽപ്പിച്ചവരുടെ പരാതികൾ, ജീവിതപ്രാരാബ്ധങ്ങൾക്ക് നടുവിൽ ഭാര്യ, പനിപിടിച്ച മകൾ. മകൾക്ക് സ്നേഹമുള്ള അച്ഛൻ മരുന്നുവാങ്ങാനായി ഇറങ്ങിത്തിരിക്കുന്നു. പക്ഷെ ‘വഴിതെറ്റിച്ച്’ മാടിവിളിക്കുന്നത് മൂത്താശ്ശാരിയുടെ ഉള്ളിലെ ലോകം തന്നെയാണ്. ‘ചെണ്ടയിൽ ചെത്തിപ്പണിത മേളഗോപുരങ്ങൾ’. കലാഭിവാഞ്ജയുടെ ലോകം. പൂരപ്പറമ്പിന്റെ താളപ്പൊലിമയിൽ തലയെടുപ്പിൽ മകളെയും മറന്ന് മഞ്ഞിൽ വളഞ്ഞുപോയ മാമ്പലകകളും പെണ്ണിന്റെ പ്രാക്കും ബാക്കിയാക്കി ഉന്മാദിയാകുന്നു മൂത്താശാരി. എല്ലാം കഴിഞ്ഞ് പനിമതിയെ ഓർമ്മവരുമ്പോൾ സ്നേഹവും ജീവിതാഭിമുഖ്യവും കലയും രതിയും വല്ലാത്തൊരു പിരിമുറുക്കത്തോടെ സമ്മേളിക്കുന്നു ഈ കവിതയിൽ.

‘ഈരില...മൂരില‘ എന്ന കവിതയിലും വംശസ്മൃതികളുടേതായ ഈയൊരു ഇഴയടുപ്പം പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുന്നതു കാണാം. കൊടുങ്കാറ്റ് ഒരു ജീവിതാവസ്ഥയാണ്. ജീവിതത്തിൽ പലതരം കൊടുങ്കാറ്റുകൾ ഉണ്ട്.  മനുഷ്യജീവിതത്തിൽനിന്ന്  സ്ഥലവും കാലവും കാലാവസ്ഥയും അഭേദ്യവുമാണ്. ഒരു കൊടുങ്കാറ്റിൽ ‘മരം’ കടപുഴകുമ്പോൾ ഉണ്ടാകുന്ന പൊട്ടൽ ജീവിതകാലം മുഴുവൻ അവശേഷിക്കുന്നു. വേരറ്റ് വീണു പോകുമ്പോൾ ഉള്ളിലുണ്ടാകുന്ന മുറിവ് പറിച്ചെറിയപ്പെടുന്ന ഏതൊരു മനുഷ്യന്റേതുമാണ്..

കൊടുങ്കാറ്റ് കടപുഴക്കിയ
വരിക്കപ്ലാവിലാണ്
എന്നെ കൊത്തിയത്
പുഴകുമ്പോളുണ്ടായ
നെടുനീളൻ പൊട്ടൽ
ഇപ്പോഴുമുണ്ടുള്ളിൽ

 ജീവിതയാഥാർത്ഥ്യങ്ങളടേതായ ഈയൊരു സ്ഥൂലസ്ഥലിയിൽ നിന്നും കവിത വികസിക്കുന്നത് നാരായണി/പ്രതിമ, നാരയണി/പ്രതിമ എന്ന സൂക്ഷ്മസ്ഥലിയിലേക്കാണ്. വെയിലേറ്റ് എല്ലാ നീരും വറ്റിയ മരങ്ങളിലാണ് ഏറ്റവും ജീവസ്സുറ്റ ശില്പങ്ങൾ ആശാരിക്ക് കൊത്തിയെടുക്കാൻ പറ്റുക. അനിൽകുമാറിന്റെ ഏറ്റവും നല്ല കവിതകളുടെ പരിസരവും നീരുവറ്റിപ്പോകുന്ന ജീവിതങ്ങളുടേതാണ്. കൂർക്കനട്ട കുന്നിൻ ചെരുവിൽ ഒറ്റയ്ക്കു പാർക്കുന്ന നാരായണിയുടെതാണ് മഞ്ഞമരക്കാതലിൽ നിന്നും ഉണർത്തിയെടുത്ത പ്രതിമയുടെ അഴകും അളവും എന്നു വരുമ്പോൾ കവിതയിൽ വീണ്ടും രതികലാ സ്പർശം. മാത്രമല്ല,
‘കാലം ഒന്നിനെ അതല്ലാതാക്കുമെന്നു
നിനക്കറിയുമൊ‘
എന്നു പ്രതിമ ചോദിക്കുമ്പോൾ വരികൾക്കിടയിൽ തെളിയുന്നത് തന്റെ ജീവസ്സുറ്റതെല്ലാം ത്യജിച്ചാണ് മരം പ്രതിമയ്ക്കുള്ള ഉരുപ്പടിയായി മാറുന്നതെന്ന ഒർമ്മപ്പെടുത്തലാണ്. ഒരുപാടു ദുരന്തങ്ങൾ എറ്റുവാങ്ങിയാണ് നാരായണിയും ഈ പ്രതിമയുടെ അളവും അഴകുമായി മാറുന്നതും.

ജീവിതത്തിന്റെ ദുരന്തപർവ്വങ്ങളിലാണ് അനിൽകുമാറിന്റെ കവിതകൾ കഥാപാത്രങ്ങളെ തേടുന്നത്. സ്ത്രീ കഥാപാത്രങ്ങൾ ചൂഷണം ചെയ്യപ്പെട്ടവരോ, അനാഥരോ, അവഗണിക്കപ്പെടുന്നരോ ഞെട്ടിപ്പിക്കുന്ന വിധം അപ്രത്യക്ഷരാകുന്നവരോ ആണ്. സാമൂഹ്യഭാഷയിൽ പറഞ്ഞാൽ പ്രാന്തവൽക്കരിക്കപ്പെട്ടവർ ആണ് ‘മരംകൊത്തി’ യിലെ സ്ത്രീ കഥാപാത്രങ്ങൾ. അവർ വർണ്ണശബളമായ ഒരു ലോകത്തിന്റെ പ്രതിനിധികളേയല്ല. അരക്ഷിതരായി ജീവിക്കുന്നവർ. ഫ്യൂഡൽ സൌന്ദര്യസങ്കല്പങ്ങളിലോ വരേണ്യകുലീന ബിംബങ്ങലളിലോ തളയ്ക്കപ്പെടാത്തവർ. ഉണക്കമരങ്ങൾ പോലെ ജീവിതത്തിന്റെ ചോരയും നീരും വറ്റി മറ്റാരുടെയോ കൊത്തുപണികൾക്ക് ജീവിതം മാറ്റിവെയക്കാൻ നിർബന്ധിക്കപ്പെടുന്നവർ വേദനിപ്പിക്കുന്ന ഓർമ്മകളായ് കവിതകളിലൂടെ പുനർജനിക്കുന്നു.

പെണ്ണെന്നു പറയുമ്പോൾ
അയയിൽ തൂങ്ങുന്ന തുണി
കുരുക്കായി പിരിഞ്ഞുതരും
ആത്മാവുപേക്ഷിച്ച ജീർണ്ണ വസ്ത്രം
കീറിമുറിക്കാൻ
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും. (ഒരു നാടു മുഴുവൻ ഒരേ സ്വപ്നം കാണുന്നു’)

നാട്ടിൻപുറത്തെ സ്ത്രീജീവിതങ്ങളുടെ തനിപ്പകർപ്പ് കാണാം പലകവിതകളിലും. നഗരജീവിതം ആഘോഷിക്കപ്പെടുന്ന മരുപ്പച്ചകളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് ‘പിന്നെയാവഴി പോയതേയില്ല‘ എന്ന കവിതയിലെ ‘വെയിലേറ്റ് ചുളിഞ്ഞ‘ (പിച്ചക്കാരി) പെണ്ണും ‘ഈച്ചയാർക്കുന്ന കുഞ്ഞും‘ സാക്ഷ്യപ്പെടുത്തുന്നു. അവർ പാതയോരത്തെ അനാഥർ. ‘മരിച്ചവരുടെയും അല്ലാത്തവരുടെയും ഭാഷയി‘ലെ പഞ്ചസാരയിട്ട് അസ്ഥിയടക്കം കത്തിച്ചുകളയപ്പെട്ട പെണ്ണ് വേറെയൊരു പാത്രസൃഷ്ടി. കവിതയുടെ മൊത്തം ഭാവുകത്വം വേറെയാണെങ്കിലും ജീവിതത്തിൽ നിന്ന് ക്രൂരമാം വിധം തമസ്കരിക്കപ്പെട്ടവളുടെ ഒറ്റച്ചോദ്യം ആർത്തമായി അലയടിക്കുന്നു ചുറ്റിലും...

‘എന്നെ തിരിച്ചെടുക്കുമോ
നിന്റെകൂടെ ജീവിച്ചുമതിയായില്ല.’

വീണ്ടും നമുക്ക് കാണാം ‘എനിക്കെന്നെ സംശയമുണ്ട്’ എന്ന കവിതയിൽ  ചന്ദ്രിക, കുമാരി, അമ്മിണി, പച്ചസാരിയുടുത്ത പെണ്ണ് തുടങ്ങിയവരെ. അസ്തിത്വം ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ അപ്രത്യക്ഷരാവുന്നു. ഇവിടെ അസ്വസ്ഥതപ്പെടുത്തുന്ന യാഥാർത്ഥ്യം പ്രതിസ്ഥാനത്ത് ആരെന്നുള്ളതാണ്. ‘മരംകൊത്തി‘യിലെ മൂത്താശാരിയുടെ ഭാര്യ വീടുനോക്കാതെ പൂരപ്പറമ്പുതാണ്ടുന്നവന്റെ ഇരയാണ്. തന്നെ ഒറ്റയ്ക്കു ജീവിതം നേരിടാൻ വിട്ട് തൂങ്ങിച്ചത്ത രാഘവന്റെ പെണ്ണിനു സുരക്ഷിതമായി കിടന്നുറങ്ങാൻ വീടിന് വാതിലില്ല, മാമ്പലകൾ മഞ്ഞുകൊണ്ടു വളഞ്ഞിട്ടും മൂത്താശാരി വരുന്നുമില്ല.

‘ചുട്ടണ്ടി’യിലെ ചുട്ടണ്ടി പ്രണയിനിയാണ്. രവിവർമ്മച്ചിത്രത്തിലെ പ്രണയിനിയല്ല,
കുയിലോളം കറുത്തവൾ
ചുട്ടണ്ടിയെന്ന് വിളിപ്പേര്
ഉപമയിൽ പുരണ്ട കരിയിലും
വെളുത്ത ചിരി
‘ചൂല് നാഗക്കളമെഴുതുമ്പോൾ
അഴിഞ്ഞ മുടി വിടർന്നാടുന്ന‘ സുന്ദരി.
‘... എണ്ണമില്ലാക്കാൽപ്പാടുകൾ
അടിച്ചുകൂട്ടുമ്പോൾ
ചായയടിക്കുന്ന പെട്ടിക്കടയും
ചായകുടിക്കുന്ന മരബെഞ്ചുകളും‘ ഒളിഞ്ഞുനോക്കുന്ന ചന്തം. ‘കല്ലും സിമന്റും അരിച്ചാക്കും പുല്ലെന്ന് ചുമക്കുന്നിറക്കുന്ന’ പോർട്ടർ ചന്ദ്രനാണവളുടെ കാമുകൻ. ഒരു നാട്ടിൻപുറത്തുകാരിയുടെ പ്രണയം. പച്ചയായ ഒരനശ്വരപ്രണയം.

 അച്ഛനി‘ലെ പെണ്ണിനെ മാത്രം പെറുന്ന പെണ്ണ്, ‘ഉടലുകളാൽ വളയപ്പെട്ട ദിവസം ആത്മാവ് എന്തുചെയ്യും‘ എന്നതിലെ സോവിയറ്റ് നാട്ടിലെ പെണ്ണ്... അങ്ങനെ ഉള്ളിൽ നീറ്റലവശേഷിപ്പിക്കുന്ന ഒരുപാടുപേർ. മിക്ക സ്ത്രീ കഥാപാത്രങ്ങളും ‘പെണ്ണ്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതാണ് ഐഡന്റിറ്റി ഇല്ലാത്തവരുടെ ഐഡന്റിറ്റി. പെണ്മയുടെ പച്ചയായ ആവിഷ്കാരം.

അനിൽകുമാറിന്റെ പല കവിതകളിലും കാണാവുന്ന വേറൊരു തലമുണ്ട്. മനുഷ്യപ്രകൃതി അവസ്ഥകളെ ചിലപ്പോൾ നേരെ കീഴ്മേൽ മറിച്ചിടും. കൊടുങ്കാറ്റിൽ തകർന്നടിഞ്ഞു വീണ ഒരു വീടിന് വികാരങ്ങളും വിചാരങ്ങളും കൊടുത്ത് ൃമിളെലൃൃലറ ലുശവേലന്റെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി നിർമ്മിച്ച് ഒരു കവിതയാണ് ‘കൊടുങ്കാറ്റിന്റെ കൂടെപ്പോയ വീട്’. ആദ്യഭാഗം വായിക്കുമ്പൊൾ ആരുടെയോ കൂടെപ്പോയ പെൺകുട്ടി ചതിക്കപ്പെട്ട് നിസ്സഹായയായി വീട്ടിലേക്കു തിരിച്ചു വന്നപോലെ. ഉടലോടെ തിരിച്ചു വന്നാലും അവളുടെ സ്വത്വമാണെന്ന് സമൂഹം അംഗീകരിക്കാത്ത പലതുമാണ് തിരിച്ചു വന്നിരിക്കുന്നത്. കവിത തുടരുമ്പോൾ യഥാർത്ഥ കവിതയിലേക്കു തന്നെ തിരിച്ചു വരുന്നു...

പുറത്തു കാത്തുനിന്നു മുഷിഞ്ഞപ്പോൾ
വൈകുന്നേരത്തിന്റെ വെളിച്ചം
ഉമ്മറത്തും അകങ്ങളിലും പരതി
എവിടെ?

യാഥാർത്ഥ്യങ്ങളും ലോകത്തിന്റെ ബോധ്യങ്ങളും പരസ്പര വിരുദ്ധങ്ങളാണെന്ന് പറയാതെ പറയുന്ന ജീവിതത്തിന്റെ സമവാക്യങ്ങൾ എല്ലാം തെറ്റിക്കുന്ന കവിതയാണ് ‘ഇവിടെ ഉണ്ട്’. ചില അംഗീകൃത സമവാക്യങ്ങൾക്കനുസരിച്ച് ലോകം സ്വന്തം അവസ്ഥകളെ, കാര്യകാരണങ്ങളെ സ്വയം നിർമ്മിക്കുന്നു. ഇതിനെ തകർത്തെറിയുന്നുണ്ട് ഇവിടെ. ഉറുമ്പുകൾ മധുരം മാത്രമല്ല അഴുകുന്ന ശവങ്ങൾ തേടിയും പോകാറുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന കവിത.
അനിൽകുമാറിന്റെ കാവ്യഭാഷയാണ് ആസ്വദിക്കപ്പെടേണ്ട മറ്റൊരു തലം. ആധുനികതയുടെ ഘനസ്വരത്തിൽ നിന്നും സാന്ദ്രമായ ഭാഷയിൽ നിന്നും നടന്നകന്ന് ലളിതവും സമ്പന്നവുമായ മറ്റൊരു ഭാഷ സൃഷ്ടിക്കുന്നുണ്ട് അനിൽകുമാർ തന്റെ കവിതകളിൽ. ‘സെമിത്തേരിയിലെ നട്ടുച്ച‘ നോക്കൂ. അത്ര തീക്ഷ്ണമായ ഒരനുഭവം ഇത്രയും ലളിതമായ ഭാഷയിൽ....

നട്ടുച്ച മാത്രമാണവിടുത്തെ നേരം
വെയിൽ മാത്രം കാലാവസ്ഥയും
...........................................................
കല്ലറയിൽ കുനിഞ്ഞുമ്മവെയ്ക്കുമ്പോൾ
ചുട്ടുപൊള്ളുന്ന സിമന്റ്
നിന്റെ ചുണ്ടുകളോട്
എന്തെങ്കിലും പറഞ്ഞുവോ?

പൂക്കളുടേയും ചെടികളുടെയും നാട്ടുഭാഷയിലേക്ക് ‘മൈന്റ്’ ചെയ്യാതിരിക്കാനാവാത്ത ഓർമ്മകളെ ചോദ്യങ്ങളായ് മാറ്റിയെഴുതിയതുപോലെയുണ്ട് ‘പരിഭാഷ‘ എന്ന കവിത. അത്രമേൽ ലളിതമായ ഈ ഭാഷതന്നെയാണ് ഇതിലെ കവിത.

ഒരു സാധാരണ ചെടി അത്രയകലേയ്ക്ക്
നമ്മെ കൊണ്ടുപോകുന്നത്
നാട്ടുനടപ്പാണോ?

ചില നിശ്ശബ്ദതകളെ പ്രകൃതിയിലെ ചില ബിംബങ്ങൾ പരിഭാഷപ്പെടുത്തുന്നതെങ്ങനെയെന്ന് ഇതിന്റെ അവസാന ഭാഗത്ത് ചിതറിത്തെറിച്ച വിത്തുകൾ കാട്ടിത്തരുന്നു.

നിലംതല്ലി വന്ന കാറ്റിൽ
തലയൊന്നു കുടഞ്ഞ്
തന്റെ ഉണക്കപ്പൂക്കളിൽനിന്ന്
അത് കറുത്ത വിത്തുകൾ തെറിപ്പിച്ചു
വിത്തുകൾ പെറുക്കുമ്പോൾ
എനിയ്ക്കു മനസ്സിലായി
ആ ചെടിയ്ക്കു
പറയുവാനുണ്ടായിരുന്നതെന്തെന്ന്!

ഭാഷതന്നെ ഭാവുകത്വമാവുന്ന മറ്റൊരു കവിതയാണ് ‘പിന്നെ ഞാൻ എന്തുചെയ്യും?’. ‘പണ്ടാരടങ്ങാൻ’ എന്നു തുടങ്ങി ‘കണ്ടിട്ടു വയ്യ’ എന്നവസാനിക്കുന്ന ഈ കവിത പ്രോസിലേയ്ക്കു പരാവർത്തനം ചെയ്യാനാവില്ല... അത്രയ്ക്കു ഭാഷയിൽ സെശി ളശ ആയി നിൽക്കുന്നു.  ഒരു പൂ പോലുമില്ലാത്ത കൊമ്പുകളിൽ വാലിൽ തീപിടിച്ച പോലെ മാറിമാറി പറന്നിരിക്കുന്ന ആ വെപ്രാളക്കിളി കുടഞ്ഞെറിഞ്ഞുകളയാനാകാത്ത ഓർമ്മകൾ അനുഭവങ്ങൾ തീവ്രമായി ആവിഷ്കരിക്കുന്നു.

അമൂർത്തമായ അനുഭവങ്ങളെ പകർത്തിയെഴുതാൻ മാജിക്കൽ റിയലിസം എന്ന സങ്കേതത്തെ തന്റേതായ രീതിയിൽ പല കവിതകളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. അങ്ങനെയൊരു ക്യാൻ വാസിൽ ‘ഭ്രാന്തുകൊത്തിയ വിരലുകളാൽ’ വരച്ചെടുത്തതാണ് ‘തെരുവിലെ ആവിഷ്കാരം നോക്കി നിൽക്കുന്നു’.

ചെങ്കൽ മാനത്തുകൂടെ
ചിത്രകാരനറിയാതെ
കിളിക്കൂട്ടം പറന്നുപോയ്
വെടികൊണ്ട കാടിന്റെ നിലവിളി ഉന്മാദിയുടെ നിലയില്ലാസങ്കടങ്ങളാവുന്നു. ആരാലെങ്കിലും കണ്ടെടുക്കപ്പെടാൻ പുണർന്ന നിലയിൽ അടിക്കാട്ടിൽ ഇലകൾ മൂടിക്കിടന്ന രണ്ടെല്ലിൻ കൂടുകൾ ദുരന്തപ്രണയത്തിന്റെ നീറ്റലും. സ്വയം വരച്ച കാടുതന്നെയാണ് ഉന്മാദിയെ അഭയം കൊടുക്കാൻ വിളിക്കുന്നത്.

മരങ്ങൾ സ്വയം വകഞ്ഞ്
വഴിയുണ്ടാക്കി വിളിച്ചു
കയറിക്കോളൂ

അപ്പൊഴും പിൻ വിളി വിളിക്കുന്നത് അമ്മ. ഈ ഉന്മാദിയെയും ഒരമ്മ എത്ര സ്നേഹത്തോടെ കരുതലോടെ വളർത്തിയതാവും.

പിന്നിലേയ്ക്കാരോ
പിടിച്ചുവലിക്കുന്നല്ലോ
മുള്ളുകളഞ്ഞ മീൻ വച്ചുരുട്ടിയ
ചോറുരുള ഓർമ്മപ്പെടുന്നല്ലോ.

സ്വന്തം മനസ്സുപോലും കൂട്ടില്ലാത്ത ഉന്മാദാവസ്ഥ എത്ര ഏകാന്തമാണ്!
‘പിന്നെയാവഴി പോയതേയില്ല’ എന്ന കവിത അരക്ഷിതമായ ജീവിതം ഊറിയൂറി ദു:സ്വപ്നങ്ങളാവുന്നതെങ്ങനെയെന്ന് രേഖപ്പെടുത്തുന്നു.

ഈന്തപ്പനയിൽനിന്നും
പൂവാകയിലേക്കു വലിച്ചുകെട്ടിയ
ചരടിലൂടെ ഒരാൾ കൈവിട്ടു നടക്കുന്നതു കണ്ടു.
എന്തിൽനിന്ന് ആരിലേക്കാണാവോ
ഈ പോക്ക്

 ഈന്തപ്പന മരുഭൂമിയും പൂവാക നാടുമാകുമ്പോൾ അസ്വസ്ഥതകൾ ദു:സ്വപ്നങ്ങളാകുന്നത് സ്വാഭാവികം. ‘ഫൈബറിൽ പണിത് അലങ്കാരത്തിനു വച്ച’ ലോകം മാടി വിളിക്കുമ്പോൾ ‘ഉടൽ സദാ പുതുക്കിക്കൊണ്ട് ഒരു ചെമ്മണൽപ്പെണ്ണ്, അത്രയല്ലെയുള്ളു’ എന്ന് ഒരു നിമിഷാർദ്ധം കൊണ്ട് അടിതെട്ടി വീണേക്കാവുന്ന കണ്ണാടി ലോകത്തെ നിസ്സാരമായി തള്ളാൻ കഴിയുന്നത് പൂവാകയുടെ സമൃദ്ധി ഉള്ളിലുള്ളതുകൊണ്ടാണ്.

‘silhouette’ എന്ന പദം സൂക്ഷിച്ചു നോക്കുമ്പോൾ നിഴലിന്റേയും വെളിച്ചത്തിന്റേയും വൈരുദ്ധ്യം തീർക്കുന്ന അഗാധമായ ആവിഷ്കാര സൌന്ദര്യം കാണാം .നാട്ടുവഴികളുടെ/നാട്ടുകാഴ്ച്ചകളുടെ/നാട്ടുകേൾവികളുടെ സ്പന്ദനങ്ങളിലേയ്ക്ക് ശാഖകളായ് പിരിഞ്ഞുകയറുകയും വേരുകളായ് പിരിഞ്ഞിറങ്ങുകയും ചെയ്യുന്ന വിഷ്വൽ ഇമേജെസ് ആണു ‘മരംകൊത്തി‘യിലെ കവിതകൾ. ഈ വിഷ്വത്സിന് നിഴൽ അഥവാ കറുപ്പാണ് പശ്ചാത്തലം. വെളിച്ചത്തിനെതിരെ പിടിച്ച ജീവിതത്തിന്റെ നിഴലുകൾ. ദുരന്തത്തിന്റെ ഉച്ചസ്ഥായിയിൽ ‘നിഴൽ അവനവനിലേക്കു മാത്രം ചുരുങ്ങുന്നു.’ ദുരന്തങ്ങൾ മാത്രം അനുഭവിയ്ക്കാൻ ബാക്കിയാവുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട് നമുക്കുചുറ്റും. കാണാതിരിക്കാനാവാത്ത ദുരന്തഛായകൾ. ‘ഒരു നാടുമുഴുവൻ ഒരേ സ്വപ്നം കാണുന്നു‘ എന്ന കവിത നോക്കൂ. സ്വപ്നം എന്ന വാക്കിനെത്തന്നെ അട്ടിമറിച്ച് ദുരന്തത്തിന്റെ നിഴൽ എന്ന് മാറ്റിവായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന കവിത.
ആദ്യഭാഗം ഇങ്ങനെ....

സ്കൂളിൽ പോകുന്ന കുട്ടികളെ
കൊതിയോടെ വിളിക്കുന്നത്
പുളിയും മധുരവും വിളഞ്ഞ
പേരയും ചാമ്പമരങ്ങളുമാണ്
സുഗന്ധവും സുവർണ്ണവുമുള്ള
മുല്ലയും പനിനീരുമാണ്.

ഈ വരികൾ സുഖമുള്ള സ്വപ്നം അല്ലെങ്കിൽ ഓർമ്മകൾ തരുമ്പോൾ, തൊട്ടടുത്ത വരികൾ നോക്കൂ.

കുറ്റിച്ചെടികൾക്കിടയിൽ
ആരെങ്കിലുമുണ്ടോ? എന്ന സന്ദേഹം അഥവാ ദുരന്തത്തിന്റെ നിഴൽ. ഇതേ ലൂൌെലിരലൽ ആണ് ഈ കവിത ചലിക്കുന്നത്. ഇതു മാത്രമല്ല, പല കവിതകളും.

നിഴലിന്റേയും വെളിച്ചത്തിന്റേയും ഈയൊരു വൈരുദ്ധ്യം മറ്റൊരു തരത്തിൽ അനുഭവിക്കാവുന്ന കവിതയാണ്, ‘അമ്പത് ഡിഗ്രി ചൂടിൽ ഉണങ്ങുന്നവന്റെ ഏഴാം നാൾ’. അമ്പത് ഡിഗ്രിയിൽ വെന്തുരുകി ജോലി ചെയ്തു കറുത്തവർ പാടിയാടുന്ന മദ്യശാലയിൽ അവധിയാഘോഷിക്കാൻ കുതറിയോടി വരുന്നവനെ കാത്തിരിക്കുന്നത് ഇല്ലയ്മയുടെ രൂപകങ്ങൾ. കൊടും ചൂടുള്ള പകലിനെ പുറത്താക്കി ഉള്ളിൽ വെളുത്തതു മാത്രം തെളിഞ്ഞു കാണുന്ന അൾട്രാ വയലറ്റിൽ’
‘അവന്റെ പാട്ടിനൊക്കും
വിലാപത്തിൽ
ഉണങ്ങിയ ആമാശയവുമായ്
ഒരു നാട്, അവിടെ
കരിന്തൊലിയാൽ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങൾ’
 മാത്രമല്ല,
‘ബിയറോളം തണുപ്പിച്ച
കാളമൂത്രം
ഉപ്പും മുളകുമിടാതെ
വെയിലിൽ വെന്ത
കഴുതയുടെ ജനനേന്ദ്രിയങ്ങൾ‘.

എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ രാത്രിയുടെ പുഴുക്കം. ‘കറുത്തതെല്ലാം വെളിപ്പെടുത്താൻ‘ തെരുവിൽ പട്രോളിനിറങ്ങിയ വെളിച്ചം.

ഇനിയും ഒരുപാട് നല്ല കവിതകൾ ഈ സമാഹാരത്തിലുണ്ട്. നൈതികത മഷിയിൽ അലിഞ്ഞുചേർന്ന ഒരു പേന ചെവിയോർക്കുന്നത് ഓർമ്മകളും കണ്ണീരും പ്രണയവും രതിയും കലയും കാഴ്ച്ചപ്പാടുകളും എല്ലാം കലർന്ന് പടരുന്ന ജീവിതത്തെത്തന്നെയാണ്. സജീവമായ വായനാനുഭവം തരുന്ന ഒരു കവിതാസമാഹാരം.

2 അഭിപ്രായങ്ങൾ:

  1. ബീജാ , ടി പി യുടെ കവിതകളിലൂടെ ഗൌരവമാർന്ന ഒരു യാത്ര നടത്തിയിരിക്കുന്നു .ഓരോ കവിതയിലെയും അക്ഷരങ്ങളെയും വാക്കുകളെയും ആശയങ്ങളെയും മൂർത്തവും അമൂർത്തവും ആയ ബിംബ കല്പനകളെയും പോസ്റ്മോര്ടം ടേബിളിൽ കിടത്തി കീറി മുറിച്ചു പരിശോധിചിരിക്കുന്നു .ടി പി യുടെ കവിതകൾ മുഴുവൻ വായിക്കാത്തവർക്കു പോലും ആ കവിതകൾ അനുഭവ വേദ്യമാകുന്നു ഈ ആഖ്യയികയിലൂടെ . നല്ല ഭാഷ .നല്ല ശൈലി .ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  2. ബീജാ , ടി പി യുടെ കവിതകളിലൂടെ ഗൌരവമാർന്ന ഒരു യാത്ര നടത്തിയിരിക്കുന്നു .ഓരോ കവിതയിലെയും അക്ഷരങ്ങളെയും വാക്കുകളെയും ആശയങ്ങളെയും മൂർത്തവും അമൂർത്തവും ആയ ബിംബ കല്പനകളെയും പോസ്റ്മോര്ടം ടേബിളിൽ കിടത്തി കീറി മുറിച്ചു പരിശോധിചിരിക്കുന്നു .ടി പി യുടെ കവിതകൾ മുഴുവൻ വായിക്കാത്തവർക്കു പോലും ആ കവിതകൾ അനുഭവ വേദ്യമാകുന്നു ഈ ആഖ്യയികയിലൂടെ . നല്ല ഭാഷ .നല്ല ശൈലി .ആശംസകൾ .

    മറുപടിഇല്ലാതാക്കൂ