2013, ജൂലൈ 24, ബുധനാഴ്‌ച

വെയിൽകായുന്ന കവിക്കുള്ളിൽ നാം കായുന്ന വെയിൽ….


August 7, 2011 at 1:56pm
ജീവിതത്തിന്റെ മധ്യാഹ്നത്തിനും മുന്നേ നാടിന്റെ ഹരിതാഭയിൽ നിന്നും മരുഭൂമിയിലേക്ക് യാത്രയാകുന്ന ജീവിതങ്ങളുടെ ജൈവികാനുഭവ വൈരുധ്യങ്ങളെ വെയിൽകൊണ്ടൊരു സാക്ഷ്യപ്പെടുത്തലാണു രാജേഷ് ചിത്തിരയുടെ ‘ഉന്മത്തതയുടെ ക്രാഷ് ലാന്റിങുകൾ’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘വെയിലേ’ എന്ന കവിത എന്നാണു എന്റെ വായനാനുഭവം.
പ്രവാസജീവിതത്തിന്റെ പൊള്ളുന്ന ഉച്ചവെയിലിൽ ഗൃഹാതുരത്ത്വത്തിന്റെ നാടോർമ്മകൾ വെയിൽ കായാനിരിക്കുന്നു… ഈ കൊടുംവെയിലിൽ പക്ഷെ പതിയെ വന്നെത്തുന്ന നിറചിത്രങ്ങളല്ല ഓർമ്മകൾ… പുറത്തെ വെയിലിൽ നിന്നും ഉള്ളിലെ വെയിലിലേക്ക് നിലവിളിച്ചോടിയെത്തുന്നു അവ. നാടിനുവേണ്ടി വിശക്കുന്ന മനസ്സിനും വയറിനും മീതെ ഓരൊ കൈകൾ കവി പകുത്തു നൽകുന്നു… അഭയമായി ഈ കൈകൾ മാത്രം… (കൈയ്യിലെ പേനയും..?) വിരസമായ ദിവസത്തിന്റെ അവസാനം മരുഭൂമിയിലെ വെയിൽ നാട്ടിലെ കുളക്കടവിലേക്കു കുതികുതിക്കുന്ന കാഴ്ച നമ്മുടെ സ്തലകാല ബോധങ്ങൾക്ക് ഒരു ഉച്ചവെയിൽ ട്രീറ്റ്മെന്റ് തരുന്നു.
ഇലയും മരവും രാജേഷിന്റെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. പല കവിതകളിൽ പല തലങ്ങളിൽ ഇവ കടന്നുവരുന്നതു കാണാം… ഇവിടെ വെയിൽമാത്രം പിടിച്ചെടുക്കുന്ന മരങ്ങളോട് പിണങ്ങിയിറങ്ങിപ്പോകുന്ന ഇലകളുടെ ചിത്രം നമ്മുടെ പരമ്പരാഗത വായനാശീലങ്ങളെ ചെറുതായെങ്കിലും പിടിച്ചുലയ്ക്കുന്നുണ്ട്. പൊരിവെയിലിൽ നഗ്നമായിപ്പോകുന്ന വയലിന്റെ(നാടിന്റെ) ഉടൽ… ഉടലിൽ പനിച്ചൂടിൽ കറുത്തുപോയ വെള്ളിയരഞ്ഞാണങ്ങൾ. മാറുന്ന നാട് പുകയുന്ന ഓർമ്മകളായ്, വെയിലുണക്കിക്കളഞ്ഞ കാഴ്ചകളായ്, പരിവർത്തനം ചെയ്യപ്പെടുന്നു. നാട്ടിൽ നിന്നകലെ വെറും കെട്ടുകാഴ്ചകളിൽ, (ശൂർപ്പണഘമേനികളിൽ) അഭിരമിച്ചുപോകുന്ന ജീവിതത്തിനു മുകളിൽ ഓർമ്മകളെ ഉറ്റുനോക്കി പിന്നെയും വെയിൽകായാനിരിക്കുന്ന മറ്റൊരു വെയിൽ…
  അറ്റ്ലസിൽ എവിടെയിരുന്ന് വെയിൽ കാഞ്ഞാലും തണുത്തറഞ്ഞാലും തെക്ക് ആയിരിക്കും നമുക്കും ഏറ്റവും പ്രിയപ്പെട്ട ദിശ…

തെക്കോട്ടു നോക്കി
വെറുതേ വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
ഇരിക്കെയിരിക്കെ "കാഞ്ഞവെയിലെ"ന്നോര്‍ക്കു0
ഓര്‍ത്തോര്‍ത്തിരിക്കെ മറന്നു വെച്ചതെല്ലാം
നിലവിളിച്ചോടിയോടിയെത്തും
ഓര്‍മ്മകളില്‍ മനസും വയറും കായും

കാഞ്ഞവയറിനും കാഞ്ഞവെയിലിനും മീതെ
കൈകള്‍ ഓരോന്നു വീതം വയ്ക്കും .

വെയില്‍ കുളക്കടവിലേക്കു
കുതികുതിക്കുംവരെ ഒരേയിരിപ്പ് .
വെയില്‍ തിന്നിരുണ്ടയിടതു കൈയ്ക്കു താഴേ
വയലിന്‍ ചുടുവാത തെണിര്‍പ്പുകളില്
കണ്ണഞ്ചും‍ ചിത്രപ്പണി തെളിയും
ഇലയെല്ലാം പിണങ്ങിപ്പോയ
മരത്തിന്‍റെ മനസുപോലെ വയലിന്റെ
ഉടലും പുകഞ്ഞുപുകഞ്ഞു പൊങ്ങും.
അകലെ വയലിന്‍റെ അരഞ്ഞാണങ്ങള്
രാപ്പനിപ്പെട്ടപോലെ നിറം മങ്ങും

വെയിലുണക്കിയ കണ്ണില്
പാടം പുതച്ച ചെമ്പട്ടില്
നിറം പിടിപ്പിച്ച
ശൂര്‍പ്പണഖമേനികള്‍‍ പന്തലിക്കും
അരഞ്ഞാണച്ചരടിലും കാട്ടളകളിലും
കട്ടുറുമ്പുകള്‍ പാട്ടുപാടും

തെക്കോട്ടു നോക്കി പിന്നെയും
വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.
കാഴ്ചകള്‍ മാത്രം മാറി മാറി വന്നു പോകും

1 അഭിപ്രായം:

  1. ബീജാ , ടി പി യുടെ]കവിതകളിലൂടെ ഗൌരവമാർന്ന ഒരു യാത്ര നടത്തിയിരിക്കുന്നു .ഓരോ കവിതയിലെയും അക്ഷരങ്ങളെയും വാക്കുകളെയും ആശയങ്ങളെയും മൂർത്തവും അമൂർത്തവും ആയ ബിംബ കല്പനകളെയും പോസ്റ്മോര്ടം ടേബിളിൽ കിടത്തി കീറി മുറിച്ചു പരിശോധിചിരിക്കുന്നു .ടി പി യുടെ കവിതകൾ മുഴുവൻ വായിക്കാത്തവർക്കു പോലും ആ കവിതകൾ അനുഭവ വേദ്യമാകുന്നു ഈ ആഖ്യയികയിലൂടെ . നല്ല ഭാഷ .നല്ല ശൈലി .ആശംസകൾ .

    മറുപടിഇല്ലാതാക്കൂ